യൂത്ത് ഇന്ത്യ പ്രവാസി സ്പോർട്സ്: ഫഹാഹീൽ സോൺ ജേതാക്കൾ
Monday, October 31, 2016 3:36 AM IST
കുവൈത്ത്: കായിക ശേഷി മാനവ നന്മക്ക് എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപിച്ച ഷിഫാ അൽ ജസീറ അൽ നാഹിൽ പ്രവാസി സ്പോർട്സിൽ നിലവിലെ ചാമ്പ്യാന്മാരായ അബാസിയയെ പിന്നിലാക്കി ഫഹാഹീൽ സോൺ ജേതാക്കളായി.

വൈകുന്നേരം ആറു വരെ നീണ്ടുനിന്ന ആവേശോജ്വലമായ മത്സരങ്ങൾക്കൊടുവിൽ 128 പോയിന്റ് നേടിയാണ് ഫഹാഹീൽ വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയത്. 119 പോയിന്റ് നേടി അബാസിയ റണ്ണേഴ്സ് അപ്പ് കിരീടവും 116 പോയിന്റുമായി ഫർവാനിയയും 91 പോയിന്റോടെ സാൽമിയ സോണും മൂന്ന്, നാല് സ്‌ഥാനങ്ങളും കരസ്‌ഥമാക്കി.

ഒക്ടോബർ 28ന് രാവിലെ എട്ടിന് കൈഫാൻ അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ വർണശബളമായ മാർച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടി ഐ.പി.സി മുദീർ എൻജിനിയർ അബ്ദുൽ അസീസ് അൽ ദുഐജ് ഉദഘാടനം ചെയ്തു. മാർച്ച് പാസ്റ്റിനു സ്പോർട്സ് കൺവീനർ ഹഫീസ് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ്, കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ കാറ്റഗറിയിൽ 45 ഇന മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളിൽ വ്യക്‌തിഗത ചാമ്പ്യൻമാരായി ഹാതിം സമാൻ ഫർവാനിയ (കിഡ്സ്), ആദിൽ അബ്ദുൽ റഹ്മാൻ ഫർവാനിയ (ജൂണിയർ കിഡ്സ്),അയാസ് ഫർവാനിയ (സിനിയർ കിഡ്സ് ബോയ്സ്), സുലൈഖ ശസ സാൽമിയ, നൂഹ ഫഹാഹീൽ,റിക്സ മറിയം ഫർവാനിയ (സീനിയർ കിഡ്സ് ഗേൾസ്), ഷായെൻ ഫഹാഹീൽ (സബ് ജൂണിയർ ബോയ്സ്),ഫെറിക് ജിയോ സാൽമിയ (ജൂണിയർ ബോയ്സ്), ആൻസൺ റെജി അബാസിയ (സീനിയർ), ഇവിൻ ടോം മാത്യു ഫർവാനിയ (സൂപ്പർ സീനിയർ), തോമസ് ഫഹാഹീൽ (വെറ്ററൻസ്), ഹാരിസ് ഫഹാഹീൽ, ഹസീബ് ഫഹാഹീൽ (യൂത്ത്) എന്നിവരെ തെരഞ്ഞെടുത്തു. വടം വലി മത്സരത്തിൽ ഫർവനിയ, അബാസിയ, സാൽമിയ സോണുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. മാർച്ച് പാസ്റ്റിൽ സാൽമിയ, ഫഹാഹീൽ എന്നിവർ ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. കെഐജി കേന്ദ്ര പ്രസിഡന്റ് ഫൈസൽ മഞ്ചേരി, സി.കെ.നജീബ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഫഹാഹീൽ, ഹാർവാനിയ, സാൽമിയ, അബാസിയ സോണുകളിൽ നിന്നും ആയിരത്തോളം മലയാളികളാണ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. കുവൈത്തിലെ കായിക അധ്യാപകരായ ജോസ്, സുരേഷ്, ജഗത് ജോഷി, ശ്യാം, ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ എ.സി. സാജിദ്, അൻവർ ഷാജി, ഫസൽ ഹഖ്, വാഹിദ് മാസ്റ്റർ, അബ്ദുൽ റഹ്മാൻ, ലായിക്, എസ്. പി. ശറഫുദ്ദീൻ, നിഹാദ് നൈസാം, റഫീഖ് ബാബു, സിറാജ് സ്രാമ്പിക്കൽ, പി.ടി. ഷാഫി, സലാഹുദ്ദീൻ, മുനീർ മഠത്തിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. കെഐജി ജനറൽ സെക്രട്ടറി ശരീഫ് പി.ടി, മുഹമ്മദ് അലി മസ്ജിദുൽ കബീർ,ഷിഫാ അൽ ജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്മാരായ അബ്ദുൽ ബാസിത്, മുഹമ്മദ് ഹാറൂൺ എന്നിവർ പ്രസംഗിച്ചു. ഷിഫാ അൽ ജസീറ മാർക്കറ്റിംഗ് മാനേജർ മുന, കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ്, വെൽഫെയർ കേരള കുവൈറ്റ് പ്രസിഡന്റ് ഖലീലുറഹ്മാൻ, റജബ് കാർഗോ മാനേജർ ബഷീർ, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി കോയമ്മ, കെഐജി കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്ദുൽ റസാഖ് നദ്വി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ