നാടൻപാട്ടുകളും നാട്ടറിവുകളുമായി ‘സംസ്കൃതി കളിക്കൂട്ടം’
Monday, October 31, 2016 3:33 AM IST
ദോഹ: സംസ്കൃതി കളിക്കൂട്ടം നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു. ഖത്തറിലെ ആദ്യ നാടൻ പാട്ട് സംഘമായ കനൽ നാടൻ പാട്ട് സംഘത്തിലെ കലാകാരന്മാരാണ് പുതിയ ആശയങ്ങളും അറിവുകളുമായി കുട്ടികൾക്ക് മുന്നിൽ എത്തിയത്. ക്ലാസ്മുറികളുടേയും ഫ്ളാറ്റുകളുടേയും മതിലുകൾ ഭേദിച്ച് മലയാളനാടിന്റെ പച്ചപ്പിലേയ്ക്കാണ് കുരുന്നുകൾ പറന്നിറങ്ങിയത്.

ഐസിസി മുംബൈ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അന്തരിച്ച പ്രിയ കലാകാരൻ കലാഭവൻ മണിയുടെ സഹോദരി തങ്കമണിയെ കളിക്കൂട്ടം കൂട്ടുകാർ ആദരിച്ചു. കലാഭവൻ മണിയുടെ സഹോദരി പുത്രൻ പ്രവീൺ ആലപിച്ച നാടൻപാട്ടുകൾ ഹർഷാരവത്തോടെയാണ് കളിക്കൂട്ടം കൂട്ടുകാർ സ്വീകരിച്ചത്. സംസ്‌ഥാന ആസൂത്രണ ബോർഡിൽ ഉപദേശക സമിതി അംഗമായി നിയമനം ലഭിച്ച സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരനെ കൂട്ടുകാർ അനുമോദിച്ചു. കളിക്കൂട്ടം പ്രവർത്തകരായ ഓമനക്കുട്ടൻ പരുമല, ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ഷംസീർ അരികുളം, ഷൺജിത് മുണ്ടമെട്ട, രവി മണിയൂർ, സഖി ജലീൽ, അർച്ചന ഓമനക്കുട്ടൻ, രമ ബാബുരാജൻ, വനജ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടറിവുകളും മലയാളനാടിന്റെ പച്ചപ്പും സംസ്കാരവും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികളും കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളർച്ചയ്ക്കുതകുന്ന ക്ലാസുകളും എല്ലാ മാസവും സംസ്കൃതി കളിക്കൂട്ടം സംഘടിപ്പിച്ച് വരുന്നു.

വിവരങ്ങൾക്ക്: 50035901.