മനുഷ്യാവകാശ കൗൺസിലിൽ സൗദി അറേബ്യയുടെ അംഗത്വം നീട്ടി നൽകി
Monday, October 31, 2016 1:54 AM IST
ദമാം: ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ മനുഷ്യാവകാശ കൗൺസിലിൽ സൗദി അറേബ്യയുടെ അംഗത്വം നീട്ടി നൽകി. യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് സൗദി അറേബ്യക്ക് വീണ്ടും അംഗത്വം ലഭിച്ചത്.

മൂന്നു വർഷത്തേക്കാണ് സൗദിയുടെ അംഗത്വം നീട്ടിയിരിക്കുന്നത്. ഡിസംബർ 31 നു കാലാവധി തീരുന്ന അംഗങ്ങൾക്ക് പകരം 14 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനാണ് യുഎൻ ജനറൽ അസംബ്ലിയിൽ വോട്ടെടുപ്പ് നടന്നത്.

അറബ്, ഇസ്ലാമിക ലോകത്തു മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രതിരോധം തീർക്കുന്നതിനുള്ള ദൗത്യം പൂർത്തിയാക്കുന്നതിനു അംഗത്വം പുതുക്കിയതിലൂടെ സാധിക്കുമെന്ന് യുഎന്നിലെ സൗദിയുടെ സ്‌ഥിരം പ്രതിനിധി അബ്ദുള്ള അൽമു അല്ലിമി പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ 47 അംഗങ്ങളാണുള്ളത്. പുതിയതായി അംഗത്വം ലഭിച്ച പതിനാലു രാജ്യങ്ങളിൽ നാലെണ്ണം അറബ് രാജ്യങ്ങളാണ്. സൗദി അറേബ്യക്ക് പുറമെ ഇറാഖ്, ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങൾക്കാണ് കൗൺസിൽ അംഗത്വം ലഭിച്ചത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം