സൗദി കെഎംസിസി സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിൻ നവംബർ ഒന്നിന് ആരംഭിക്കും
Sunday, October 30, 2016 2:59 AM IST
റിയാദ്: ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയുടെ 2017 വർഷത്തേക്കുള്ള കാമ്പയിൻ നവംബർ ഒന്നിനു ആരംഭിക്കും. രണ്ടു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഡിസംബർ 31ന് അവസാനിക്കും. 2014ൽ തുടങ്ങിയ പദ്ധതിയിൽ മുന്നു വർഷത്തിനകം കുടുംബനാഥന്റെ ആകസ്മിക മരണം മൂലം അനാഥരായ അമ്പതോളം പ്രവാസി കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകി.

ഇക്കൊല്ലത്തെ ഫണ്ട് വിതരണം ഡിസംബർ ആദ്യവാരം കോഴിക്കോട് നടക്കും. മരിച്ച 12 പേരുടെ കുടുംബങ്ങൾക്കാണ് ഫണ്ട് കൈമാറുക. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായി മാരകരോഗത്തിനടിമപ്പെട്ടവർക്ക് പ്രത്യേക ചികിൽസാ സഹായങ്ങളും നൽകിവരുന്നുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് പി.ടി മുഹമ്മദ്, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ഉപസമിതി ചെയർമാൻ കുന്നുമ്മൽ കോയ, ജനറൽ കൺവീനർ റഫീഖ് പാറക്കൽ, കൺവീനർ സക്കീർ അഹമ്മദ് എന്നിവർ അറിയിച്ചു.

കേരളത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള പ്രവാസികൾ ഒന്നടങ്കം സ്വീകരിച്ച പദ്ധതിയിൽനിന്നും ജാതി, മത, രാഷ്ര്‌ടീയ ചിന്തകൾക്കപ്പുറം മൂന്നര കോടിയിലധികം രൂപയുടെ ധനസഹായമാണ് നൽകാൻ സാധിച്ചത്. വ്യക്‌തമായ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് തീർത്തും ലളിതവും സുതാര്യവുമായി നടത്തുന്ന പദ്ധതി എന്ന നിലയിൽ പ്രവാസി സമൂഹത്തിന്റെ വിശ്വാസം ആർജിച്ചു കൊണ്ടാണ് സുരക്ഷാ പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുന്നത്. അടുത്ത വർഷവും പദ്ധതിയിൽ അംഗങ്ങളാകാൻ പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾ മുഖേന നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ സഊദിയുടെ വിവിധ ഭാഗങ്ങളിൽ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് നടക്കുക. പ്രചാരണ പ്രവർത്തനങ്ങൾ അവസാനിക്കുന്ന ഡിസംബർ 31 മുതൽ അംഗത്വ പട്ടിക അതാത് സെൻട്രൽ കമ്മിറ്റികൾ നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള സാമൂഹിക സുരക്ഷ പദ്ധതി ഉപസമിതിക്ക് എത്തിച്ചുനൽകണം.

പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും kmccsaudi@gmail.com വിലാസത്തിൽ മാത്രമാണ് അയക്കേണ്ടതെന്നും കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് (0509772666), ഉപസമിതി ചെയർമാൻ കുന്നുമ്മൽ കോയ (0503461473) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും നേതാക്കൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ