മാനസ മെൻഡു അമേരിക്കൻ ടോപ് യംഗ് സയന്റിസ്റ്റ്
Saturday, October 29, 2016 6:13 AM IST
മിനിസോട്ട: അമേരിക്കയിലെ മിനിസോട്ട സെന്റ് പോളിൽ ഒക്ടോബർ 19ന് നടന്ന ടോപ് യംഗ് സയന്റിസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി മാനസ മെൻഡുവിന് കിരീടം.

ഒഹായോവിൽ നിന്നുള്ള ഒമ്പതാം ഗ്രേഡ് വിദ്യാർഥിനിയായ മാനസ, ഫൈനലിൽ പങ്കെടുത്ത ഒമ്പതു പേരെ പിന്തള്ളിയാണ് ഡിസ്കവറി എഡ്യൂക്കേഷൻ ത്രി യംഗ് സയന്റിസ്റ്റ് മത്സരത്തിൽ ഒന്നാം സ്‌ഥാനവും 25,000 ഡോളറും മൊമെന്റോയും സ്വന്തമാക്കിയത്. പങ്കെടുത്ത പത്തുപേരിൽ മാനസ ഉൾപ്പെടെ അഞ്ചുപേർ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളായിരുന്നു.

സൗരോർജവും വിൻഡ് പവറും ഉപയോഗിച്ച് എങ്ങനെ ഊർജം ഉദ്പാദിപ്പിക്കാം എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് മാനസക്ക് അമേരിക്കയിലെ മിഡിൽ സ്കൂൾ മത്സരങ്ങളിൽ ഒന്നാം സ്‌ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ടോപ് യംഗ് സയന്റിസ്റ്റ് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത്.

ഹാർവെസ്റ്റ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഉപകരണം കണ്ടുപിടിക്കാൻ മാനസയെ പ്രേരിപ്പിച്ചത് മാതൃരാജ്യമായ ഇന്ത്യയിലെ വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ദുരിതം അനുഭവിക്കുന്നവരെ ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ്.

ശാസ്ത്രം ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കുന്നതിനുള്ള കണ്ടുപിടിത്തങ്ങൾക്ക് കുട്ടികളെ എങ്ങനെ സജ്‌ജമാക്കാം എന്നതാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ