മാധ്യമശ്രീ പുരസ്കാരം: സണ്ണി മാളിയേക്കലും മന്മദൻ നായരും സ്പോൺസർമാർ
Saturday, October 29, 2016 6:10 AM IST
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക 2016 മാധ്യമ ശ്രീ പുരസ്കാര സമ്മേളനത്തിന് ഡാളസിൽനിന്ന് സണ്ണി മാളിയേക്കൽ, മന്മദൻ നായർ എന്നിവർ സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തു.

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സസ് ചാപ്റ്റർ മുൻ പ്രസിഡന്റ്, ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യ ഗാർഡൻസ് ഉടമ എന്നീ നിലകളിൽ സുപരിചിതനായ സണ്ണി മാളിയേക്കലിന്റേയും അമേരിക്കയിലെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടേയും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് സെന്റ് വിൻസെന്റിന്റേയും സാരഥി, ഫൊക്കാന മുൻ പ്രസിഡന്റ്, ഡാളസ് കേരള അസോസിയേഷൻ മുൻ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചവരുന്ന മന്മദൻ നായരുടെയും പിന്തുണ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകും.

നവംബർ 19ന് ഹൂസ്റ്റണിൽ നടക്കുന്ന സമ്മേളനത്തിൽ മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നത് കേരള നിയമസഭാംഗവും മാധ്യമ പ്രവർത്തകയുമായ വീണ ജോർജാണ്.

സമ്മേളനത്തിന്റെ വിജയത്തിനായി ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജിന്റെ അധ്യക്ഷതയിൽ ഒക്ടോബർ 23ന് ചേർന്ന് ഐപിസിഎൻഎ നോർത്ത് ടെക്സസ് ചാപ്റ്റർ യോഗത്തിൽ മുൻ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, ജോസഫ് മാർട്ടിൻ വിലങ്ങോലിൽ, ബെന്നി, നാഷണൽ സെക്രട്ടറി പി.പി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.