കെഎസ്ഐ– യുഎസ്എ ടോയ്ലറ്റ് നിർമിച്ചുനൽകി
Saturday, October 29, 2016 6:06 AM IST
കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങായി കെഎസ്ഐ– യുഎസ്എ
കേരള സാനിട്ടേഷൻ ആൻഡ് ഹെൽത്ത് ഇനിഷ്യേറ്റീവ് യുഎസ്എ (KSI- USA) യുടെ ചാരിറ്റി പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നിർമിച്ച ടോയ്ലെറ്റുകൾ വിദ്യാർഥികൾക്ക് സമർപ്പിച്ച് കെഎസ്ഐ– യുഎസ്എ ബോർഡ് ഡയറക്ടർ വർഗീസ് പ്ലാമൂട്ടിൽ ഭാവി പരിപാടികൾക്കു തുടക്കംകുറിച്ചു.

പൂഞ്ഞാറിലെ എയ്ഡഡ് സ്കൂളായ സെന്റ് ജോസഫ് യുപി സ്കൂളിലെ പെൺകുട്ടികൾക്കാണ് ആറ് ടോയ്ലറ്റുകൾ അമേരിക്കൻ മലയാളികളുടെ സംഭാവനയായി നിർമിച്ചു നൽകിയത്.

കേരളത്തിൽ ഇന്ന് അവഗണിക്കപ്പെടുന്ന പാവപ്പെട്ട സ്കൂൾ വിദ്യാർഥികളുടേയും നിർധന കുടുംബങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിയും പൊതുജനാരോഗ്യവും ശുചിത്വവും പ്രോത്സാഹിപ്പിച്ചും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കുക എന്ന ദൗത്യത്തോടെ അമേരിക്കൻ ഗവൺമെന്റിന്റെ നിയമങ്ങൾക്ക് അനുസൃതമായി തുടങ്ങിയ സംഘടനയാണ് കെഎസ്ഐ– യുഎസ്എ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ശോചനീയാവസ്‌ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു പ്രവർത്തനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സഹായം എത്തിക്കാൻ അമേരിക്കൻ മലയാളികൾ തയാറായത്.

അമേരിക്കയിൽ രാവുംപകലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന മലയാളികൾ സ്വന്തം ജന്മനാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമ്പോൾ അവർക്ക് അമേരിക്കൻ സർക്കാരിന്റെ നികുതി ഇളവുകൾ ലഭിക്കേണ്ടത് മൗലിക അവകാശമാണെന്നു മനസിലാക്കിയാണ് കെഎസ്ഐ– യുഎസ്എ നിയമപരമായി സ്റ്റേറ്റ് ഗവൺമെന്റിന്റേയും ഫെഡറൽ ഗവൺമെന്റിന്റേയും അംഗീകാരത്തോടെ 501 സി 3 ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ടത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം