പീറ്റർ ജേക്കബിന് സ്വീകരണം
Friday, October 28, 2016 6:13 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി കോൺഗ്രഷണൽ ഡിസ്ട്രിക്ട് 7 ൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് മൽസരിക്കുന്ന പീറ്റർ ജേക്കബിന് ന്യൂജേഴ്സിയിലെ ഡോവറിൽ സ്വീകരണം നൽകി. ഡോവർ സെന്റ് തോമസ് ഇടവകയുടെ പാർക്കിംഗ് ലോട്ടിൽ നടന്ന യോഗത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്‌തികൾ പങ്കെടുത്തു.

ഇന്ത്യൻ കര്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഫാ. ഷിബു ഡാനിയേൽ, ഫാ. സണ്ണി ജോസഫ്, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, തുടങ്ങിയവർ സംസാരിച്ചു. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫാമിലി കോൺഫറൻസ് ട്രഷറർ ജീമോൻ വർഗീസ്, സജൻ പോത്തൻ, സജി പോത്തൻ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

താൻ ഊന്നൽ നൽകുന്ന പ്രകൃതിവിഭവ ചൂഷണം, ഊർജം, അഴിമതി വിരുദ്ധപോരാട്ടം, സുരക്ഷ തുടങ്ങിയ വിഷയങ്ങളെപറ്റി മറുപടിപ്രസംഗത്തിൽ ആധികാരികമായി സംസാരിച്ച പീറ്റർ, ന്യൂജേഴ്സി 7–ാം ഡിസ്ട്രിക്ടിന് അഭിവൃദ്ധിയുടെ നാളുകൾ വാഗ്ദാനം ചെയ്തു.

‘രാഷ്ട്രീയത്തിനതീതമായി ജനം’ എന്ന മുദ്രാവാക്യവുമായാണ് പീറ്റർ ജേക്കബ് വോട്ടർമാരെ കാണുന്നത്. രാഷ്ട്രീയക്കാരനായല്ല, പൊതുപ്രവർത്തകനായി അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നത്. അമേരിക്ക കണ്ട മികച്ച സ്റ്റേറ്റ്സ്മാൻമാരായ ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി, ലിൻഡൺ ബി ജോൺസൺ, ഡ്വൈറ്റ് ഐസനോവർ എന്നിവരൊക്കെ ഉയർത്തിപ്പിടിച്ച മഹത്തായ ആശയങ്ങൾ തിരികെ കൊണ്ടുവരുവാനും ജനഹൃദയങ്ങളിലേക്ക് അവ എത്തിക്കുവാനും പരിശ്രമിക്കും.

മാതൃഇടവകയായ ഡോവർ സെന്റ് തോമസിന്റെ പരിസരത്ത് തന്നെ ഇങ്ങനെയൊരു പ്രചരണയോഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ പീറ്റർ ജേക്കബ് സംതൃപ്തി രേഖപ്പെടുത്തി. തന്റെ സൺഡേസ്കൂൾ ക്ലാസിൽ വേദപാഠങ്ങൾ പറഞ്ഞുകൊടുത്ത ശോശാമ്മ ഇട്ടിയെ പേരെടുത്ത് പറഞ്ഞ് പീറ്റർ വിനയാന്വിതനായി. ഇടവകയിലെ ഒരു കാരണവരായ ഏലിയാസ് മത്തായി, കാമ്പയിൻ ട്രഷറർ കൂടിയായ ജോർജ് ഏബ്രഹാം എന്നിവരെയും അനുസ്മരിച്ചു. കാമ്പയിൻ ബസ് ടൂറിൽ പീറ്റർ ജേക്കബിനോടൊപ്പം ഒട്ടനവധി ലോക്കൽ നേതാക്കളും എത്തിയിരുന്നു. സുഹൃത്ത് ജോർജ് കുരുവിളയും കാമ്പയിൻ ടീമിനൊപ്പം ഉണ്ടായിരുന്നു.

യൂണിയൻ കൗണ്ടി കോളജ്, കീൻ യൂണിവേഴ്സിറ്റി, സെന്റ് ലൂയി വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ വാഴൂരുകാരൻ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ