ജെറ്റ് എയർവേയ്സ് അബുദാബി കണ്ണൂർ വിമാനസർവീസ് ആരംഭിക്കുന്നു
Friday, October 28, 2016 6:10 AM IST
അബുദാബി: നിർമാണ പ്രവർത്തികൾ പൂർത്തിയായിവരുന്ന കണ്ണൂർ അന്താരാഷ്ര്‌ട വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് അടുത്ത വർഷം ജെറ്റ് എയർവേയ്സ് സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായി. ദിവസേനയുള്ള സർവീസായിരിക്കും തുടങ്ങുക.

കണ്ണൂർ അടക്കം ഇന്ത്യയിലെ മൂന്നു പുതിയ വിമാനത്താവളങ്ങളിലേക്കു കൂടി അടുത്ത വർഷം ഇത്തിഹാദ് എയർവേയ്സും ജെറ്റ് എയർവേയ്സും ചേർന്ന് പുതിയ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലുള്ള റൂട്ടുകളിൽ എണ്ണം വർധിപ്പിക്കാനും നീക്കമുണ്ട്. ആഴ്ചയിൽ 28 വിമാനസർവീസുകൾ കൂടി കൂട്ടാനാണ് ഇരു വിമാനകമ്പനികൾക്കും അനുമതി ലഭ്യമായിരിക്കുന്നത്.

നിലവിൽ ഇന്ത്യയിലെ 15 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്സ് ആഴ്ചയിൽ 175 സർവീസുകളും ജെറ്റ് എയർവേയ്സിന് 77 സർവീസുകളുമാണ് നടത്തുന്നത്. ഇത് അടുത്ത ആറു മാസത്തിനകം 18 വിമാനത്താവളങ്ങളിലായി സർവീസുകളുടെ എണ്ണം ആഴ്ചയിൽ 280 ആയി ഉയരും.

2017 മാർച്ച് 26 മുതൽ കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് സർവീസുകളുടെ എണ്ണം ദിവസേന നാലായി ഉയർത്തും. ഫെബ്രുവരി ഒന്നിന് ജെറ്റ് എയർവേയ്സ് തിരുച്ചിറപള്ളിക്കുള്ള ആദ്യ സർവീസും ഇത്തിഹാദിന്റെ അഹമ്മദാബാദിലേക്കുള്ള രണ്ടാമത്തെ സർവീസും ആരംഭിക്കും. ചണ്ഡിഗഡിലേക്കും സർവീസ് ആരംഭിക്കാൻ അനുമതി ലഭ്യമായിട്ടുണ്ട്. ജനുവരി 15 മുതൽ ഡൽഹിയിലേക്ക് ജെറ്റ് എയർവേയ്സ് സർവീസ് ദിവസേന രണ്ടായി ഉയർത്തും.

2015 ൽ ഇരു വിമാനകമ്പനികളുംകൂടി 33 ലക്ഷം യാത്രക്കാരെയാണ് അബുദാബി–ഇന്ത്യ സെക്ടറിൽ കൈകാര്യം ചെയ്തത്. 2014 ൽ ഇത് 20 ലക്ഷം മാത്രമായിരുന്നു. വർഷത്തിൽ 63 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

ഇന്ത്യയും യുഎഇയും തമ്മിൽ സാമ്പത്തിക,രാഷ്ര്‌ടീയ, വ്യവസായ,സാംസ്കാരിക രംഗങ്ങളിലുണ്ടായിരിക്കുന്ന ബന്ധങ്ങളാണ് യാത്രക്കാരുടെ വർധനയിലൂടെ പ്രകടമാകുന്നതെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് പ്രസിഡന്റ് ജയിംസ് ഹോഗൻ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള