എയർപോർട്ട് മാർച്ച് നവംബർ മൂന്നിന്
Friday, October 28, 2016 6:02 AM IST
ജിദ്ദ: കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാൻ നടക്കുന്ന ഗൂഡാലോചനയിൽ പ്രതിഷേധിച്ച് എസ്വൈഎസ് നവംബർ മൂന്നിന് നടത്തുന്ന എയർപോർട്ട് മാർച്ച് വിജയിപ്പിക്കാൻ പരമാവധി പ്രവാസികളെ മാർച്ചിനെത്തിക്കുമെന്നും ഐസിഎഫ് ജിദ്ദാ സെൻട്രൽ കമ്മിറ്റി അറിയിച്ചു.

2015 ഏപ്രിൽ 30ലെ സ്റ്റാറ്റസ്കോ പുന:സ്‌ഥാപിക്കുക, കരിപ്പൂരിൽ ഹജ്‌ജ് സർവീസ് പുനരാരംഭിക്കുക, ഗൾഫിലേക്കുള്ള സീസണിലെ വിമാന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. കരിപ്പൂർ വിമാനത്താവളത്തിനെതിരായി ഉദ്യോഗസ്‌ഥ ഗൂഡാലോചനകൾ ശക്‌തമാകുന്നുവെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് എസ്വൈഎസ് ബഹുജന പങ്കാളിത്തത്തോടെ സമരരംഗത്തിറങ്ങുന്നത്.

കരിപ്പൂരിനെ തകർക്കാനുള്ള ഗൂഡാലോചനക്കെതിരെ ബഹുജന ബോധവത്കരണത്തിനായി നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇതിനോടകം പ്രഭാഷണങ്ങൾ നടത്തിക്കഴിഞ്ഞു. അഞ്ചുലക്ഷം പേർ ഒപ്പുവച്ച ഭീമഹർജി കേന്ദ്ര വ്യോമയാന വകുപ്പിന് കൈമാറും. അതിനുള്ള ഒപ്പുശേഖരണം അതിന്റെ അന്തിമഘട്ടത്തിലാണ്. മാർച്ചിന്റെ വിജയത്തിനായി ജിദ്ദയിലെ മുഴുവൻ ഐസിഎഫ് ഘടകങ്ങളും രംഗത്തിറങ്ങിക്കഴിഞ്ഞു. നാട്ടിൽ അവധിയിലുള്ള മുഴുവൻ പേരെയും മാർച്ചിൽ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് കൊട്ടൂക്കര മുഹ്യുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മളാഹിരി, ശാഫി മുസ്ലിയാർ, അബ്ദുൽ മജീദ് സഖാഫി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ