ആർപ്കോ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും ആഘോഷിച്ചു
Thursday, October 27, 2016 4:46 AM IST
ഷിക്കാഗോ: ഫിസിക്കൽ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജിസ്റ്റ് പ്രൊഫഷണലുകൾക്കായുള്ള അമേരിക്കയിലെ ആദ്യത്തെ മലയാളി സംഘടനയായ അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്റെ (ആർപ്കോ) 2016– 18 ഭാരവാഹികളുടെ പ്രവർത്തനോദ്ഘാടനവും, ഫാമിലി നൈറ്റും ഒക്ടോബർ 15–നു ശനിയാഴ്ച വൈകിട്ട് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ചു നടന്നു.

കുക്ക് കൗണ്ടി ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സിസ്റ്റം എക്സിക്യൂട്ടീവ് നഴ്സിംഗ് ഡയറക്ടർ ആഗ്നസ് തേരാടി, മെതഡിസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജോസഫ് ചാണ്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.റ്റി സ്റ്റുഡന്റ് ജെമ്മി ഹോർമീസ് അമ്പാട്ട് ആലപിച്ച ഭക്‌തിനിർഭരമായ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കംകുറിച്ചു. ട്രഷറർ ജയിംസ് തിരുനെല്ലിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ബ്രിജിറ്റ് ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ വളർച്ചയ്ക്കും വിജയത്തിനുമായി അംഗങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി. മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടേയും പൂർണ്ണ പിന്തുണ ഇവർ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ആഗ്നസ് തേരാടി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫഷണൽ വളർച്ചയിൽ പൊതുവിജ്‌ഞാനത്തിന്റെ പ്രധാന്യവും വായനാശീലം സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. അതേതുടർന്ന് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.



ആഗ്നസിനോടൊപ്പം ജോസഫ് ചാണ്ടിയും തന്റെ മുഖ്യ പ്രഭാഷണത്തിൽ ആരോഗ്യസംരക്ഷണ മേഖലയിൽ റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് അനുഷ്ഠിക്കുന്ന സേവനങ്ങളെ വിലയിരുത്തുകയും അവരെ പ്രശംസിക്കുകയും ചെയ്തു. എക്സ് ഒഫീഷ്യൽസ് ബെഞ്ചമിൻ തോമസ്, സണ്ണി മുത്തോലത്ത് എന്നിവർ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ചു. മുഖ്യാതിഥികളേയും മുൻ പ്രസിഡന്റുമാരേയും അസോസിയേഷൻ പ്ലാക്ക് നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് സായി പുല്ലാപ്പള്ളി ഏവർക്കും നന്ദി അർപ്പിച്ചു. സെക്രട്ടറി മജു ഒറ്റപ്പള്ളി സമ്മേളന പരിപാടികളുടെ എം.സിയായിരുന്നു.

തുടർന്ന് ഡിന്നറിനൊപ്പം കലാസന്ധ്യയും ആരംഭിച്ചു. സോണിയ മാത്യു, സാൻഡ്ര മാത്യു, ബെന്നി, ഡാനി, റ്റിമ്മി, ജോണി തിരുനെല്ലിപ്പറമ്പിൽ, ഇസബെൽ മാത്യു, അലോണ മാത്യു, റ്റിയാന ഡയാന, ഹാന ഒറ്റപ്പള്ളി, ജോണ ജോർജ് എന്നിവർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ ഏവരിലും കൗതുകമുണർത്തി. നിഷാ തോമസ് ആയിരുന്നു കലാപരിപാടികളുടെ എം.സി. വിൽസൺ ജോൺ (ജോയിന്റ് സെക്രട്ടറി), ബോർഡ് മെമ്പേഴ്സ് ആയ കാർമ്മൽ തോമസ്, സിറിൽ മലയിൽ, മന്നു, നിഷാ തോമസ്, റെജിൽ, വർഗീസ്, സിന്ധു മാത്യു, തമ്പി ജോസ് എന്നിവർ നേതൃത്വം നൽകി. ഏകദേശം പത്തുമണിയോടെ പരിപാടികൾ പര്യവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം