കാലെയ്സ് ക്യാമ്പ് ഒഴിപ്പിക്കൽ ആരംഭിച്ചു
Tuesday, October 25, 2016 8:19 AM IST
പാരിസ്: വടക്കൻ ഫ്രാൻസിലെ തുറമുഖ നഗരമായ കാലെയിലെ അഭയാർഥി ക്യാമ്പ് ഒഴിപ്പിക്കൽ ആരംഭിച്ചു. 1,200 ലധികം പോലീസുകാരും ഉദ്യോഗസ്‌ഥരുമാണ് ജംഗിൾ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്നും അഭയാർഥികളെ ഒഴിപ്പിക്കാനത്തെിയിരിക്കുന്നത്.

ഏഴായിരത്തോളം വരുന്ന അഭയാർഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാൻ മൂന്നുദിവസമെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. ഇവിടെയുള്ളവരുടെ ആദ്യ സംഘത്തെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയത്. എന്നാൽ, അഭയാർഥികൾ സമാധാനപരമായി ഒഴിഞ്ഞുപോകാൻ സന്നദ്ധമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലേക്ക് കടക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടാണ് നേരത്തെ പ്രക്ഷോഭം നടന്നത്.

7,500 പേർക്ക് കഴിയാനുള്ള സൗകര്യമാണ് ഫ്രാൻസിലെ വിവിധ ക്യാമ്പുകളിൽ ഒരുക്കിയിരിക്കുന്നത്. അഭയാർഥികൾക്ക് കുടുംബങ്ങളോടൊപ്പം ഒരേ ക്യാമ്പിൽ താമസിക്കുന്നതിനും ഒറ്റക്കൊറ്റക്ക് പോകാനും സൗകര്യം നൽകിയിട്ടുണ്ട്. 50 പേരടങ്ങുന്ന സുഡാൻ അഭയാർഥികളുടെ സംഘത്തെയാണ് ആദ്യം ക്യാമ്പിൽനിന്ന് മാറ്റിയിരിക്കുന്നത്.

തിങ്കളാഴ്ചമാത്രം 2,500 പേരെ മാറ്റാനാവുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ബ്രിട്ടനിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അനുവാദം നൽകാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ 194 പേർക്ക് ബ്രിട്ടനിലേക്കുള്ള ടിക്കറ്റ് നൽകിയതായാണ് വിവരം.

പശ്ചിമേഷ്യയിൽ നിന്നും മറ്റും ഫ്രാൻസിലെത്തുന്ന അഭയാർഥികൾ ആദ്യം കലായിസിൽ എത്തും. പിന്നീടാണ് ഇവിടെ നിന്നും ബ്രിട്ടനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും കടക്കുന്നതിനുവേണ്ടി ശ്രമിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ