ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമ ശ്രീ അവാർഡിന് മൻമഥൻ നായരുടെ സ്പോൺസർഷിപ്പ്
Tuesday, October 25, 2016 8:17 AM IST
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മാധ്യമശ്രീ പുരസ്കാരത്തിന് നോർത്ത് അമേരിക്കയിലെ പ്രശസ്ത വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ സാരഥിയും മുൻ ഫൊക്കാന പ്രസിഡന്റുമായ മൻമഥൻ നായരുടെ സ്പോൺസർഷിപ്പ്.

കെജിഎം ഗ്രൂപ്പിന്റെ സിഇഒ ആയ മൻമഥൻ നായർ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. ഡാളസ് ഇന്തോ–അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായ അദ്ദേഹം ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെയും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് സെന്റ് വിൻസന്റിന്റെയും സാരഥിയാണ്. 2012 ൽ സ്‌ഥാപിതമായ സൗത്ത് വെസ്റ്റ് കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റി ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രവുമാണ്. ഈ യൂണിവേഴ്സിറ്റിയിലെ ബാച്ചിലർ ഓഫ് നഴ്സിംഗും എംബിഎയും വളരെ പ്രശസ്തമാണ്. നിരവധി വിദ്യാർഥികൾ പ്രായ ഭേദമന്യേ ഗ്രാജുവേറ്റ് ചെയ്ത് ജോലി നേടാൻ ഈ ഓൺലൈൻ വിദ്യാഭ്യാസം സഹായിച്ചു.

ഹൂസ്റ്റണിൽ നവംബർ 19 ന് നടക്കുന്ന മാധ്യമശ്രീ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്ത് തനതായ വ്യക്‌തി മുദ്ര പതിപ്പിച്ച വീണ ജോർജ് എംഎൽഎയാണ്. ചടങ്ങിലേക്ക് എല്ലാ മാധ്യമ സ്നേഹികളേയും നാഷണൽ പ്രസ്ക്ലബ്ബ് ഭാരവാഹികളായ ശിവൻ മുഹമ്മ, ജോർജ് കാക്കനാട്, ജോസ് കാടാപുറം, രാജു പള്ളത്ത്, ടാജ് മാത്യു, മധു കൊട്ടാരക്കര, പി.പി. ചെറിയാൻ, സുനിൽ തൈമറ്റം, ജീമോൻ ജോർജ്, ജയിംസ് വർഗീസ്, അനിൽ ആറന്മുള എന്നിവർ സ്വാഗതം ചെയ്തു.