അഡ്വ. മേരി അക്കാമ്മ മാമ്മന് പൗര സാമൂഹ്യ സേവന പുരസ്കാരം
Tuesday, October 25, 2016 6:07 AM IST
വിയന്ന: കർണാടക സർക്കാരിന്റെ മുതിർന്ന പൗര സാമൂഹ്യ സേവന പുരസ്കാരം അഡ്വ. മേരി അക്കാമ്മ മാമ്മന് നൽകി ആദരിച്ചു.

കർണാടക സംസ്‌ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുവേണ്ടി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്ന അഡ്വ. മേരി, സ്ത്രീകൾക്ക് സാമ്പത്തിക ഉന്നതി, വിദ്യാഭ്യാസ, നിയമ പരിരക്ഷ, കൂടാതെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന സമിതിയുടെ അംഗമായും അഖിലേന്ത്യാ ക്രൈസ്തവ സ്ത്രീകളുടെ കൗൺസിൽ അംഗം (AICCW), വിവിധ ക്രിസ്ത്രീയ മതവിഭാഗങ്ങളുടെ കൂട്ടായ്മയായ ഓൾ കർണാടക ക്രിസ്ത്യൻ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (All Karnataka Christian Federation For Human Rights) ന്റെ ട്രഷറർ ആയും സംസ്‌ഥാനത്തെ ക്രൈസ്തവ ഉന്നമന സംഘത്തിന്റെ (KCDC) മെംബറായും പ്രവർത്തിച്ചുവരുന്നു.

1942 ൽ ചങ്ങനാശേരി പായിപ്പാട് നാലുകോടിയിൽ ജോസഫ് മാമ്മന്റെയും കത്രീനാ മാമ്മന്റെയും മൂന്നാമത്തെ മകളായി ജനിച്ച മേരി അക്കാമ്മ ചങ്ങനാശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കർണാടക യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി. കർണാടക സർക്കാരിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഉദ്യോഗസ്‌ഥയായി സേവനമാരംഭിച്ചു. തുടർന്നു വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്‌ടിക്കുകയും രണ്ടായിരാമാണ്ടിൽ ഗവൺമെന്റ് പ്രി യൂണി കോളജിൽ നിന്നും പ്രധാനാധ്യാപികയായി വിരമിക്കുകയും ചെയ്തു. ഇപ്പോൾ അഭിഭാഷകയായി സേവനമനുഷ്‌ടിച്ചുവരുന്നു.

സാമൂഹ്യപ്രവർത്തകയായ മേരി അക്കാമ്മയ്ക്ക് ഇതിനു മുമ്പും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2009 ലെ രാജീവ് ഗാന്ധി ശിരോമണി അവാർഡ്, 2009 ലെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം, 2009 ലെ ഇന്ദിരാഗാന്ധി സദ് ഭാവനാ അവാർഡ്, 2010 ലെ ഭാരത് ഗൗരവ് പുരസ്കാരം, 2010 ലെ ചിത്തൂർ റാണി ചന്നമ്മാ അവാർഡ് എന്നിവയും അക്കാമ്മയെ തേടിയെത്തിയിട്ടുണ്ട്.

ഭർത്താവ്: പി.എം. ജോൺ (റിട്ട. കേന്ദ്രീയ വിദ്യാലയ സൂപ്രണ്ടന്റ്). വിയന്നയിൽ ഐക്യരാഷ്ര്‌ടസഭയിൽ ഉദ്യോഗസ്‌ഥനായ ജീവൻ ജോൺ, ശോഭൻ ജോൺ എന്നിവർ മക്കളാണ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ