കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ്: പത്രികാസമർപ്പണം ആരംഭിച്ചു
Tuesday, October 25, 2016 6:02 AM IST
കുവൈത്ത്: രാജ്യത്ത് തെരഞ്ഞടുപ്പ് ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കവെ പത്രികാ സമർപ്പണത്തിന്റെ ആറാം ദിവസമായ ഇന്നലെയും നിരവധി പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിനിടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബഹിഷ്കരണ നിലപാട് സ്വീകരിച്ച പ്രതിപക്ഷ ഇസ്ലാമിസ്റ്റ് കക്ഷികളിലെ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രികകൾ സമർപ്പിച്ചുതുടങ്ങി. നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇവർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തീരുമാനമെടുത്തത്. പത്രികാ സമർപ്പണം തുടങ്ങി നാലാം ദിവസമാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കാര്യാലയത്തിലത്തെിയത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ ഡോ. വലീദ് അൽ തബ്തബാഇ, മുഹമ്മദ് ഹായിഫ് അൽ മുതൈരി, ഉസാമ അൽ മുനാവിർ, മുഹമ്മദ് അൽ ദലാൽ, നായിഫ് അൽ മുർദാസ്, ഉസാമ അൽ ഷാഹീൻ, ഹുസൈൻ അൽ ഖവീആൻ എന്നിവരാണ് ഞായറാഴ്ച പത്രിക സമർപ്പിച്ചത്.

നാലാം മണ്ഡലത്തിൽനിന്ന് പത്രിക സമർപ്പിച്ച ശേഷം നടത്തിയ പ്രസ്താവനയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ ബഹിഷ്കരണ നിലപാടും ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതും രാജ്യത്തിന്റേയും രാജ്യ നിവാസികളുടെയും പൊതുനന്മ കണക്കിലെടുത്ത് മാത്രമാണെന്ന് മുഹമ്മദ് ഹായിഫ് അൽ മുതൈരി പറഞ്ഞു. അല്ലാഹുവിൽനിന്നോ പ്രവാചകനിൽനിന്നോ നേരിട്ടുണ്ടായ തീരുമാനമായിരുന്നില്ല ബഹിഷ്കരണ നിലപാടെന്നും അതുകൊണ്ടുതന്നെ പൊതുനന്മ കണക്കിലെടുത്ത് അതിൽനിന്ന് പിന്മാറുന്നതിന് വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് പാർലമെന്റുകളും വിവിധ തീരുമാനങ്ങളിലൂടെ സ്വദേശികളുടെ ന്യായമായ പല അവകാശങ്ങളും കവർന്നെടുക്കുകയാണ് ചെയ്തത്. ഇത് തിരിച്ചുപിടിക്കാനാണ് തങ്ങൾ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതെന്ന് മൂന്നാം മണ്ഡലത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ഡോ. വലീദ് അൽ തബ്തബാഈ പറഞ്ഞു. പെട്രോൾ വില വർധന, റേഷൻ സബ്സിഡിയിൽ കുറവുവരുത്തൽ, വൈദ്യുതിനിരക്ക് കൂട്ടൽ ഉൾപ്പെടെ സാധാരണക്കാരായ സ്വദേശിയെ നേരിട്ട് ബാധിക്കുന്ന നിരവധി നിയമങ്ങളാണ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലുണ്ടായത്. ഇത്തരം നിയമങ്ങളിൽ തിരുത്തലുകൾ വരുത്തുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് പ്രതിപക്ഷ കക്ഷികൾ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ