സേവന പ്രവർത്തനങ്ങളിൽ ഫ്രട്ടേണിറ്റി ഫോറം മാതൃക:*കോൺസുൽ ജനറൽ
Tuesday, October 25, 2016 6:01 AM IST
ജിദ്ദ: സേവന പ്രവർത്തനങ്ങളിൽ സമൂഹത്തിന് ഫ്രട്ടേണിറ്റി ഫോറം മാതൃകയാണെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ്*നൂർ റഹ്മാൻ ഷൈഖ് പ്രസ്താവിച്ചു.*ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഹജ്‌ജ് വോളന്റിയർമാർക്കുവേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.*

ഹജ്‌ജ് സേവന രംഗത്ത് മാത്രമല്ല, സമീപ കാലത്തുണ്ടായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങളടക്കം കോൺസലേറ്റിന് സഹായമാവശ്യമായ അവസരങ്ങളിലെല്ലാം ഫോറം മുൻപന്തിയിൽ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ തൊഴിലുകൾ ചെയ്യുന്നതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്കുകൂടി സമയം കണ്ടെത്തുന്നുവെന്നത് മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.

ഇതര രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ പലരും ഇന്ത്യൻ സമൂഹത്തിന്റെ*സേവന സന്നദ്ധതയെ പ്രശംസിച്ചിട്ടുണ്ടെന്നും ഫ്രട്ടേണിറ്റി ഫോറം സാമൂഹ്യ പ്രതിബദ്ധതയിൽ ഒന്നാമതാണെന്നും ചടങ്ങിൽ സംസാരിച്ച ഹജ്‌ജ് കോൺസുൽ ഷാഹിദ് ആലം പറഞ്ഞു.

ഫോറം വോളന്റിയർമാർക്ക്*മറാകിസുൽ അഹ്യയുടെ സർട്ടിഫിക്കറ്റുകൾ മുഹമ്മദ് ബാസൈദ് വിതരണം ചെയ്തു. മുനീർ ഉമർ ഖിറാഅത് നടത്തി.

ചടങ്ങിൽ ഫോറം ജിദ്ദ റീജണൽ പ്രസിഡന്റ് ഷംസുദ്ദീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. മക്ക മറാകിസുൽ അഹ്യ മാനേജർ മുഹമ്മദ് ബാസയ്ദ്, മറാകിസുൽ അഹ്യ വോളന്റിയർ ക്യാപ്റ്റൻ മുഹമ്മദ് സിദ്ദീഖി, കിംഗ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഹസൻ മുസ്തഫ, മുഹമ്മദ് അലി കൂന്തല, മുദസിർ മംഗളൂരു എന്നിവർ*സംസാരിച്ചു.

ഇന്ത്യൻ പിൽഗ്രിം വെല്ഫെയർ ഫോറം, ഇന്ത്യൻ കമ്യൂണിറ്റി ജിദ്ദ, ഹജ്‌ജ് വെൽഫയർ ഫോറം, ഇന്ത്യ ഫോറം, തമിൾ സംഘം, ഭട്കൽ ഫോറം, മെപ്കോ തുടങ്ങി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. മുബഷിർ, ഷംസുദ്ദീൻ കൊണ്ടോട്ടി, മുസ്തഫ പാമങ്ങാടൻ, മുജീബ് അഞ്ചച്ചവിടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ