ഏക സിവിൽകോഡിനെതിരെ പ്രവാസികൾക്കിടയിൽ പ്രചാരണം നടത്തും: കിഫ്
Tuesday, October 25, 2016 6:00 AM IST
കുവൈത്ത് സിറ്റി: ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ തകർക്കുന്ന ഏക സിവിൽകോഡ് രാജ്യത്ത് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ കുവൈത്തിലെ പ്രവാസികൾക്കിടയിൽ പ്രചാരണം നടത്തുമെന്ന് കുവൈറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് സൈഫുദ്ദീൻ നാലകത്ത് പറഞ്ഞു.

ഏക സിവിൽ കോഡിനെതിരെ മുസ്ലിം വ്യക്‌തി നിയമബോർഡ് നടത്തുന്ന പ്രക്ഷോപങ്ങൾക്ക് പ്രവാസികളുടെ പിന്തുണ ഉറപ്പ് വരുത്തുന്നതിനാണ് കാമ്പയിൻ നടത്തുന്നത്. നിരന്തരമായി പ്രകോപനങ്ങൾ സൃഷ്‌ടിച്ച് രാജ്യത്തിന്റെ അകണ്ഡതയെ തകർക്കുവാനുള്ള സംഘപരിവാർ ശക്‌തികളുടെ ഗൂഢ ശ്രമങ്ങൾകെതിരെ പ്രവാസികളെ ബോധവത്കരിക്കാനായി കിഫ് നടത്തി വരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കാമ്പയിൻ. വിവിധ ഭാഷകളിൽ ഇന്ത്യക്കാരായ മുഴുവൻ പ്രവാസികളെയും ഉൾകൊള്ളുന്ന രീതിയിലാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി പ്രവാസികൾക്കിടയിൽ ഒക്ടോബർ 26 മുതൽ നവംബർ അഞ്ചു വരെ ഒപ്പു ശേഖരണവും നടത്തും.

ഏകസിവിൽകോഡ്, മുത്തലാഖ് വിഷയത്തിൽ ഇന്ത്യൻ നിയമ കമ്മീഷൻ പ്രഖ്യാപിച്ച അഭിപ്രായ സർവേ ബഹിഷ്കരിക്കാനുള്ള പേഴ്സണൽ ലോ ബോർഡിന്റെ തീരുമാനത്തെ കിഫ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.