എസ്വൈഎസ് എയർപോർട്ട് മാർച്ച് വിജയിപ്പിക്കുക
Tuesday, October 25, 2016 5:59 AM IST
കുവൈത്ത്: മൂന്നു പതിറ്റാണ്ടോളമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ അന്താരാഷ്ര്‌ട വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഡാലോചനയിൽ പ്രതിഷേധിച്ച് എസ്വൈഎസ് സംസ്‌ഥാന കമ്മിറ്റി നവംബർ മൂന്നിന് നടത്തുന്ന എയർപോർട്ട് മാർച്ച് വൻ വിജയമാക്കാൻ ഐസിഎഫ് കുവൈത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.

വിമാനത്താവളത്തിലെ റൺവേ പുനരുദ്ധാരണത്തിനും മറ്റു അറ്റകുറ്റപ്പണികൾക്കുമെന്ന് പറഞ്ഞാണ് കരിപ്പൂർ വിമാനത്താവളം ഭാഗികമായി അടച്ചിട്ടത്. എന്നാൽ സർവീസ് അനുവദിക്കണമെങ്കിൽ റൺവേയുടെ നീളം ഇനിയും*കൂട്ടണമെന്ന അനാവശ്യ തടസവാദമാണ് ഉന്നയിച്ചിരിക്കുന്നത്. കരിപ്പൂർ അന്താരാഷ്ര്‌ട വിമാനത്താവളത്തിനെതിരായ ഉദ്യോഗസ്‌ഥ ഗൂഡാലോചനകൾ ശക്‌തമാവുന്ന സാഹചര്യത്തിൽ 2015 ഏപ്രിൽ 30ലെ സ്റ്റാറ്റസ്കോ പുനഃസ്‌ഥാപിക്കുക, ഹജ്‌ജ് സർവീസ് കരിപ്പൂരിൽ പുനഃസ്‌ഥാപിക്കുക, സീസൺ സമയങ്ങളിൽ ഗൾഫിലേക്കും തിരിച്ചുമുള്ള അമിത ചാർജ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹുജന പങ്കാളിത്തത്തോടെ സമര രംഗത്തിറങ്ങുന്നത്.

ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന വിഷയമായതിനാൽ കരിപ്പൂർ വിമാനത്താവളത്തിനെതിരെ ചരടു വലിക്കുന്ന ഉദ്യോഗസ്‌ഥ ലോബിക്കെതിരെ ബഹുജന ബോധവത്കരണം നടത്താനും കേന്ദ്ര സംസ്‌ഥാന ഗവണ്മെന്റുകൾക്ക് മേൽ സമ്മർദ്ധം ചെലുത്താനും ഐസിഎഫ് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി, ജനറൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി എന്നിവർക്കു പുറമേ മറ്റു മെംബർമാരും സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ