പ്രഫ. എം. അബ്ദുൽ അലിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
Monday, October 24, 2016 8:00 AM IST
ദോഹ: പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. എം. അബ്ദുൽ അലിയെ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.

ഒരു ലക്ഷത്തി ഒന്നു രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ അവസാനം കോഴിക്കോട് നടക്കുന്ന ഒരു ചടങ്ങിൽഅവാർഡ് സമ്മാനിക്കും.

ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിനും തുടർപ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്ക് വഹിച്ച പ്രഫ. അബ്ദുൽ അലിയുടെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് സൊസൈറ്റി ഗ്ലോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, ചെയർമാൻ ഡോ. എം.പി. ഹസൻ കുഞ്ഞി, പ്രസിഡന്റ് ഡോ. അബ്ദുൽ റഷീദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ നിർവാഹക സമിതി ഐക്യകണ്ഠേനയാണ് ഈ അവാർഡിന് പ്രഫ. അബ്ദുൽ അലിയെ തെരഞ്ഞെടുത്തത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ സാമൂഹ്യ തിന്മകൾക്കെതിരെയും വിദ്യാർഥികളിലും രക്ഷിതാക്കളിലും മാത്രമല്ല തൊഴിലാളികളിലും പൊതുജനങ്ങളിലും നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക നവോഥാന രംഗത്തും മാതൃകാപരമായ സംഭാവനയാണ് ചെയ്തതെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അധ്യാപകൻ, ഗ്രന്ഥകാരൻ, കോളമിസ്റ്റ്, വിവർത്തകൻ, ചരിത്രകാരൻ, സാമൂഹ്യപരിഷ്കർത്താവ്, ഗവേഷകൻ തുടങ്ങിയ നിലകളിലും മികച്ച സംഭാവനകളാണ് അദ്ദേഹം നൽകിയത്.

തിരൂരങ്ങാടി പിഎസ്എംഒ കോളജ് ചരിത്രവിഭാഗം പ്രഫസർ, ബഹറിൻ ഇബ്നു ഹൈതം സ്കൂൾ പ്രിൻസിപ്പൽ, ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹെഡ്മാസ്റ്റർ, ജിദ്ദയിലെ ശാത്തി അൽ നൂർ സ്കൂൾ പ്രിൻസിപ്പൽ എന്നി നിലകളിലായി അരനൂറ്റാണ്ടോളം കാലം സജീവമായി പ്രവർത്തിച്ച പ്രഫസർ അബ്ദുൽ അലി പുതിയ തലമുറക്ക് മാതൃകയാണ്.