സൗദിയിൽ നാലു വർഷത്തിനകം 12 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ പദ്ധതി
Sunday, October 23, 2016 3:12 AM IST
ദമാം: ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായ ദേശിയ പരിവർത്തനപദ്ധതിയിലൂടെ നാലു വർഷത്തിനകം സ്വകാര്യ മേഘലയിൽ സ്വദേശികൾക്കു 12 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതായി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ പദ്ധതി അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ ഖത്താൻ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനത്തിൽ നിന്നു 9.2 ശതമാനമായി കുറക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇടത്തരം യോഗ്യതയും ഉയർന്ന യോഗ്യതയുമുള്ള തൊഴിലാളികളുടെ കൂട്ടത്തിൽ വിദേശികളെ അപേക്ഷിച്ചു സ്വദേശികൾ കുറവാണു. ഇപ്പോഴത്തെ നിതാഖത് സ്വദേശി ജീവനക്കാരുടെ എണ്ണം മാത്രമാണ് കണക്കിലെടുക്കുന്നതു. മറ്റുഘടകങ്ങളൊന്നും പരിഗണിക്കുന്നില്ല.

ഡിസംബർ 11 നു നിലവിൽ വരുന്ന പരിഷ്ക്കരിച്ച നിതാഖത് സ്വകാര്യ സ്‌ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ അനുപാതം സ്വദേശികളുടെ തൊഴിൽ സ്‌ഥിരത, ശരാശരി വേതനം, സ്വദേശികളുടെ എണ്ണം തുടങ്ങിയവയെല്ലാം പരിഗണിക്കും. നിതാഖത്തിൽ പുതിയതായി പരിഗണിക്കുന്ന ഘടകങ്ങളിൽ സ്വദേശികളുടെ തൊഴിൽ സ്‌ഥിരത മാത്രമാണ് മുൻകാല പ്രാബല്യത്തോടെ പരിഗണിക്കുന്നതെന്ന് ഡോ. അഹമ്മദ് അൽ ഖത്താൻ പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം