സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016 ഒക്ടോബർ 28ന്
Sunday, October 23, 2016 3:10 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ’ആദ്യഫലപ്പെരുന്നാൾ 2016’ ഒക്ടോബർ 28–നു വെള്ളിയാഴ്ച ഹവല്ലി അൽജീൽ അൽജദീദ് സ്കൂളിൽ നടക്കും.

രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴുവരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഇടവകയിലെ 22ഓളം വരുന്ന പ്രാർത്ഥനയോഗങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ എന്നിവർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്ക്കാരിക പ്രകടനങ്ങൾ, പൊതുസമ്മേളനം, ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്. ആദ്യഫലപ്പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ