ഷിക്കാഗോ സെന്റ് മേരീസിൽ ക്രൈസ്റ്റ് വിൻ നൈറ്റ്
Sunday, October 23, 2016 3:07 AM IST
ഷിക്കാഗോ: ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തുക എന്ന വത്തിക്കാന്റെ ആഹ്വാനമനുസരിച്ച് ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുകയും ചെയ്യുവാൻ ഷിക്കാഗോ സെന്റ് മേരീസിൽ ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന പേരിൽ കൈറോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30–നു വൈകിട്ട് സംഗീതനിശ സംഘടിപ്പിക്കുന്നു. വർഷങ്ങളായി നടത്തിവരാറുള്ള അകാല വിശുദ്ധരുടെയും ദിവസത്തിനു പുറമെയാണ് ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന പേരിൽ സംഗീതനിശ സംഘടിപ്പിക്കുന്നത്. സംഗീതനിശക്കു പ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ, ഫാ. കുര്യൻ കാരിക്കൽ, ബ്ര. റെജി കൊട്ടാരം എന്നിവർ നേതൃത്വം നൽകും.

ഒക്ടോബർ 31–നു ആഘോഷിക്കപ്പെടുന്ന ഹാലോവീൻ യഥാർത്ഥത്തിൽ പൈശാചികമായതിനാൽ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികൾ വിശുദ്ധരുടെ വേഷവിധാനങ്ങൾ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവർത്തിക്കുന്ന പൈശാചിക ശക്‌തികളെ ഒഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തിൽ (exorcists, 2014) കുട്ടികളിൽ സാത്താനിക ശക്‌തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെപ്പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നൽകി.

വത്തിക്കാന്റെ ആഹ്വാനം ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ഷിക്കാഗോയിലെ എല്ലാ യുവതീ യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി ഒരുക്കുന്ന വിശുദ്ധ സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കൈറോസ് യൂത്ത് മിനിസ്ട്രിക്ക് വേണ്ടി ബബ്ലു ചാക്കോ അറിയിച്ചു. യുവതീ യുവാക്കളിലും കുട്ടികളും പൈശാചികമായ ചിന്തകൾക്ക് പകരം ദൈവീകമായ ചിന്തകൾ ഉണർത്തുവാനുള്ള ആവശ്യകത മനസിലാക്കിക്കൊണ്ട് എല്ലാ മാതാപിതാക്കളും കുട്ടികളെ ഈ പരിപാടിയിലേക്ക് അയച്ച് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം