സൗദിയിൽ സ്വകാര്യ മേഖലയിൽ സ്വദേശി വനിതകൾക്ക് വേതനം കുറവെന്നു റിപ്പോർട്ട്
Saturday, October 22, 2016 2:49 AM IST
ദമാം: സ്വദേശി പുരുഷ ജീവനക്കാരെ അപേക്ഷിച്ചു സ്വകാര്യ മേഖലയിൽ സ്വദേശി വനിതകളുടെ വേതനം 45 ശതമാനം കുറവാണെന്നു ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ഗോസി) കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം വിദേശികളായ പുരുഷ ജീവനക്കാരെ അപേക്ഷിച്ചു വിദേശികളായ വനിതാ ജീവനക്കാരുടെ വേതനം 30 ശതമാനം കൂടുതലുമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പുരുഷന്മാരുടെ ശരാശരി വേതനം 6357 റിയാലും സ്വദേശി വനിതകളുടെ വേതനം 3705 റിയാലുമാണ്. എന്നാൽ വിദേശികളായ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 1744 റിയാലും വിദേശ വനിതകളുടെ വേതനം 2872 റിയാലുമാണ്.

പുതിയ കണക്കനുസരിച്ചു 90 ലക്ഷത്തിലധികം വിദേശികൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ വിദേശികൾ ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ്. ഇവിടെ 30 ലക്ഷത്തോളം വിദേശികളാണ് ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാം സ്‌ഥാനത്തു മക്ക പ്രവിശ്യയും മൂന്നാം സ്‌ഥാനത്തു കിഴക്കൻ പ്രവിശ്യയുമാണ്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം