യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു
Thursday, October 20, 2016 4:39 AM IST
തിരുവനന്തപുരം: കേരളത്തിൽ യുഎഇയുടെ കോൺസുലേറ്റ് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്തു. പുതിയ കോൺസുലേറ്റിന്റെ പ്രവർത്തനം ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകും. തിരുവനന്തപുരം മണക്കാട്ടാണ് കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചത്.

യുഎഇയിൽ ജോലിക്ക് പോകുന്നവർക്കുള്ള മാർഗനിർദേശങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ, വീസയുടെ നടപടിക്രമങ്ങൾ തുടങ്ങിയ തിരുവനന്തപുരത്തെ കോൺസുലേറ്റിലൂടെയായിരിക്കും ഇനി ലഭ്യമാകുക. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാർക്കും കോൺസുലേറ്റിന്റെ സേവനം പ്രയോജനപ്പെടും. ജമാൽ ഹുസൈൻ അൽ സാബിയാണ് കോൺസൽ ജനറൽ.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ 2011ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.