ഇന്ത്യൻ അമേരിക്കൻ ഹൈസ്കൂൾ വിദ്യാർഥി വെടിയേറ്റു മരിച്ചു
Thursday, October 20, 2016 3:21 AM IST
ക്ലീവ്ലാന്റ് ഹൈറ്റ്സ് (ഒഹായോ): മെഫീൽഡ് ഹൈറ്റ്സ് ഹൈസ്കൂൾ വിദ്യാർഥി രവി പട്ടേൽ (15) അക്രമിയുടെ വെടിയേറ്റു മരിച്ചു. ഒക്ടോബർ 14നാണ് സംഭവം. ഒഴിവുദിവസം ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ ജോലിക്കെത്തിയതായിരുന്നു ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥിയായ രവി പട്ടേൽ. റസ്റ്ററന്റിൽ അതിക്രമിച്ചു കയറിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ രവിയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ പകച്ചുനിന്ന റസ്റ്ററന്റ് ഉടമയടക്കമുള്ള ജീവനക്കാർ നോക്കിനിൽക്കെ അക്രമി കൗണ്ടറിൽനിന്നും പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

വെടിയേറ്റു വീണ രവിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രവിയുടെ ജീവൻ രക്ഷിക്കാനായില്ല. അക്രമിയെന്നു സംശയിക്കുന്ന ആളെ ക്ലീവ്ലാന്റ് പോലീസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.

രവി പട്ടേലിന്റെ നിര്യാണത്തിൽ മെഫീൽഡ് സ്കൂൾ ഡിസ്ട്രിക്ട് അനുശോചിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ