നവയുഗം നോർക്ക ഹെല്പ് ഡെസ്ക് അൽഹസയിൽ
Wednesday, October 19, 2016 8:09 AM IST
അൽഹസ (ദമാം): നവയുഗം സാംസ്കാരിക വേദി നോർക്ക ഹെല്പ്ഡെസ്ക്, ദമാം, അൽ കോബാർ എന്നിവയ്ക്ക് പുറമെ അൽഹസയിലും പ്രവർത്തനം ആരംഭിക്കുന്നു. ഒക്ടോബർ 20ന് (വ്യാഴം) ഷുഖൈഖ് ഫാമിലെ ഹാളിൽ വൈകുന്നേരം അഞ്ചിന് മുൻകേരള റവന്യു മന്ത്രിയും സിപിഐ ദേശീയ നേതാവുമായ കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും.

അഞ്ചു വർഷങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ മലയാളികളായ പ്രവാസികൾക്ക് നോർക്ക പ്രവാസി അംഗത്വകാർഡും കേരള പ്രവാസി ക്ഷേമനിധി അംഗത്വവും നേടി കൊടുക്കുന്നതിനായി നവയുഗം സാംസ്കാരികവേദി, നോർക ഹെല്പ് ഡെസ്ക് സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ ദമാമിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഹാളിൽ എല്ലാ ചൊവ്വാഴ്ച വൈകിട്ടും അൽഖോബാറിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ എല്ലാ തിങ്കളാഴ്ച വൈകിട്ടും ഹെല്പ് ഡെസ്ക് പ്രവർത്തിച്ചു വരുന്നു.

നോർക്ക പ്രവാസി അംഗത്വകാർഡിനും കേരള പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ഉള്ള അപേക്ഷകൾ സ്വീകരിക്കുക, അപേക്ഷകൾ നോർക്കയിൽ സമർപ്പിച്ച്, അവിടെ നിന്നും അംഗീകാരം ലഭിച്ച പുതിയ പ്രവാസി കാർഡുകൾ അപേക്ഷകർക്ക് വിതരണം ചെയ്യുക, നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്നീ സേവനങ്ങളാണ് ലഭ്യമാവുക. ആയിരക്കണക്കിന് പ്രവാസികളാണ് നവയുഗത്തിന്റെ സഹായത്തോടെ നോർക്ക പ്രവാസി അംഗത്വ കാർഡും പ്രവാസി ക്ഷേമനിധി അംഗത്വവും നേടിയിട്ടുള്ളത്.

എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെയാണ് നോർക്ക ഹെല്പ് ഡെസ്ക്കിന്റെ പ്രവർത്തനസമയം.

എല്ലാ പ്രവാസികളും നവയുഗം നോർക്ക ഹെല്പ് ഡെസ്ക്കിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് നവയുഗം അൽഹസ ഭാരവാഹികളായ ഹുസൈൻ കുന്നിക്കോട്, രാജീവ് ചവറ, ഇ.എ. റഹിം എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 0539055144, 0502077662, 0502821458, 0506984469.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം