മദർ തെരേസയുടെ വിശുദ്ധപദവി: ദേശീയ ആഘോഷം ഇന്ന്
Wednesday, October 19, 2016 4:56 AM IST
ന്യൂഡൽഹി: അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം ഇന്ന്. ഡൽഹി വിജ്‌ഞാൻ ഭവനിൽ വൈകുന്നേരം 4.30ന് തുടങ്ങുന്ന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിനു മുന്നോടിയായി വിശുദ്ധ തെരേസയുടെ ജീവിതം ആസ്പദമാക്കിയുള്ള ’എ കോൾ വിതിൻ എ കോൾ’ എന്ന ഡോക്യുമെന്ററി ചിത്രം പ്രദർശിപ്പിക്കും.

സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസ് സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ പീറിക് എംസി സമ്മേളനത്തിൽ പ്രസംഗിക്കും. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെയും ഡൽഹി അതിരൂപതയുടെയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിലാണു സമ്മേളനം സംഘടിപ്പിച്ചത്.

കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോർ ടോപ്പോ, വത്തിക്കാൻ സ്‌ഥാനപതി ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, സിബിസിഐ വൈസ് പ്രസിഡന്റുമാരായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെരാവോ എന്നിവർ അടക്കം രാജ്യത്തെ അമ്പതോളം മെത്രാപ്പോലീത്തന്മാരും മെത്രാന്മാരും പങ്കെടുക്കും.

രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, പിഎസി ചെയർമാൻ പ്രഫ. കെ.വി. തോമസ്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ്, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള, എംപിമാർ എന്നിവർ അടക്കമുള്ള പ്രമുഖർ സംബന്ധിക്കുമെന്നു സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് ചിന്നയ്യൻ അറിയിച്ചു.

ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യാതിഥിക്കു സ്മരണിക സമർപ്പിക്കും. രാഷ്ര്‌ടപതി പ്രണാബ് മുഖർജിയുടെ സന്ദേശം ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ സന്ദേശം മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസും ചടങ്ങിൽ വായിക്കും.

ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ തോമസ് കൂട്ടോ സ്വാഗതവും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് നന്ദിയും പറയും.