അമേരിക്കൻ ധീരത അവാർഡ് വനിത ഗുപ്തക്ക്
Tuesday, October 18, 2016 5:53 AM IST
വാഷിംഗ്ടൺ: 2016ലെ അമേരിക്കൻ ധീരത അവാർഡിന് ഇന്ത്യൻ അമേരിക്കൻ അറ്റോർണി വനിത ഗുപ്ത (41) അർഹയായി. മൂന്നു പേരാണ് ഈ വർഷത്തെ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് സിവിൽ റൈറ്റ്സ് ഡിവിഷൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലാണ് വനിതാ ഗുപ്ത.

ക്രിമിനൽ ജസ്റ്റീസ് റിഫോംസ്, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വനിത ഗുപ്തയെ അവാർഡിനായി തിരഞ്ഞെടുത്തത്.

യെൽ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വനിത, നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കിയിട്ടുണ്ട്. 2014 ൽ പ്രസിഡന്റ് ഒബാമയാണ് ഗുപ്തയെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിൽ ഉയർന്ന തസ്തികയിൽ നിയമിച്ചത്.

ഇന്ത്യൻ ദമ്പതികൾക്ക് ഫിലഡൽഫിയായിൽ ജനിച്ച മകളാണ് വനിത ഗുപ്ത. 2001 ൽ നിയമ ബിരുദം നേടി നിരവധി പ്രമുഖ കേസുകളിൽ ഹാജരായി വിജയിച്ചിട്ടുണ്ട്.

കാപ്പിറ്റൽ ഹിൽട്ടണിൽ ഒക്ടോബർ ആദ്യവാരം നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ അമേരിക്കൻ പ്രതിനിധിക്ക് ഇത്തരത്തിൽ ലഭിച്ച ആദ്യ അവാർഡാണിത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ