പ്രവാസി കലോത്സവം പ്രതിഭകളുടെ സംഗമവേദിയായി
Tuesday, October 18, 2016 5:48 AM IST
റിയാദ്: റിയാദിന്റെ പ്രവാസ ചരിത്രത്തിൽ പുതിയൊരു അധ്യായം ചേർത്ത് പ്രവാസി സാംസ്കാരിക വേദി ഒരുക്കിയ പ്രവാസി കലോത്സവം സമാപിച്ചു. 720 ഓളം മൽസരാർഥികൾ അണിനിരന്ന കലാ പ്രകടനങ്ങൾ പ്രവാസ ലോകത്തെ കലാ പ്രതിഭകളുടെ സംഗമവേദി കൂടിയായി.

ഓണം –ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21ന് റിയാദിൽ സംഘടിപ്പിക്കുന്ന പ്രവാസി മഹോൽസവത്തിന്റെ മുന്നോടിയായാണ് വിവിധ തുറകളിലെ കലാ–കായിക പ്രതിഭകൾക്ക് പ്രവാസി സാംസ്കാരിക വേദി മൽസരത്തിന് അവസരമൊരുക്കിയത്. വെബ്സൈറ്റ് മുഖേന രജിസ്ട്രേഷൻ പൂർത്തീകരിച്ച ആയിരത്തിൽപരം മൽസരാർഥികളിൽനിന്നാണ് അവസാന റൗണ്ടിൽ മാറ്റുരക്കാൻ 720 പേരെ തെരഞ്ഞെടുത്തതെന്ന് സംഘാടകർ പറഞ്ഞു. വെള്ളിയാഴ്ച്ച നൂർ അൽമാസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ നാല് വേദികളിലായാണ് കലാപ്രതിഭകൾ മാറ്റുരച്ചത്. ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സ്കിറ്റ്, ലളിതഗാനം, മാപ്പിളപ്പാട്ട്, ഫാൻസിഡ്രസ്, നാടൻ പാട്ട്, സിംഗിൾ ഡാൻസ്, മോണോആക്ട് തുടങ്ങി വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന സംസ്കാരിക വിരുന്ന് പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു ജോർജ്, ജനറൽ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും സമാപന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ മൽസരങ്ങളിലെ വിജയികളെ മഹോത്സവ ചടങ്ങിൽ പ്രഖ്യാപിക്കും. മഹോത്സവത്തിന്റെ ഭാഗമായി രണ്ടാഴ്ച്ചയായി തുടരുന്ന കായിക മൽസരങ്ങളും വെള്ളിയാഴ്ചയോടെ സമാപനത്തിലേക്ക് കടന്നു. രാവിലെ അൽ യമാമ ഹോട്ടൽ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ വെസ്റ്റ് ഈഗിൾസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർത്ത് യുണൈറ്റഡ് ജേതാക്കളായി. നസീം വില്ലേജിലെ അൽ റായദ് ഗ്രൗണ്ടിൽ നടന്ന വോളിബോൾ മേളയിൽ ഈസ്റ്റ് സൂപ്പർ കിംഗ് വിജയികളായി. നാല് മേഖലകളിൽനിന്നായി എട്ടു ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ വെസ്റ്റ് ഈഗിൾ ജേതാക്കളായി.

അൽ ഉവൈദ ഫാമിൽ അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, ലഘുനാടകം, നൃത്തനൃത്യങ്ങൾ,നസീബ് ഷോ, മൈമിംഗ്, ഒപ്പനമാല, മിനി മാരത്തോൺ, വടംവലി തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നേരത്തെ നടന്ന മൽസര വിജയികൾക്കുള്ള സമ്മാന ദാനവും ഈ വേദിയിൽ നടക്കും. അബ്ദുറഹ്മാൻ ഒലയാൻ, അഷ്റഫ് കൊടിഞ്ഞി, സന്തോഷ്, ശിവ പ്രസാദ്, മിയാൻ തുഫൈൽ, ബഷീർ പാണക്കാട്, ജയന്തി വിശ്വനാഥ്, ടെസി സന്തോഷ്, സലിം മാഹി, ഹാരിസ് മണമക്കാവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ