നവയുഗം കെ.സി. പിള്ള സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
Monday, October 17, 2016 3:41 AM IST
അൽകോബാർ: നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റി ഏർപ്പെടുത്തിയ സഖാവ് കെ.സി. പിള്ള സ്മാരക സാഹിത്യമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ‘സർഗപ്രവാസം2016’ന്റെ കാര്യപരിപാടികൾ വിശദീകരിക്കാൻ, അൽകോബാർ ക്ലാസിക് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വച്ചു നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആർ.അജിത്ത്, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, സർഗപ്രവാസം സംഘാടകസമിതി ചെയർമാൻ ദാസൻ രാഘവൻ, കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് അരുൺ ചാത്തന്നൂർ, മേഖല കമ്മിറ്റി ആക്ടിങ് സെക്രട്ടറി റഹിം അലനല്ലൂർ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.

ചെറുകഥാ വിഭാഗത്തിൽ ഷൈൻ.ടി.തങ്കൻ എഴുതിയ ‘മരിയ അലക്സിനോയുടെ മൂന്നാമത്തെ സ്വപ്നം’ എന്ന ചെറുകഥ ഒന്നാം സ്‌ഥാനം നേടി. രണ്ടാം സ്‌ഥാനം അബ്ദുൾ ജലീൽ വടക്കേക്കാട് എഴുതിയ ‘നിയോഗം’ എന്ന ചെറുകഥയും, മൂന്നാം സ്‌ഥാനം സബീന എം. സാലി എഴുതിയ ‘ഭാരതീയം’ എന്ന ചെറുകഥയും കരസ്‌ഥമാക്കി.

കവിതാവിഭാഗത്തിൽ കെ.ടി.എ ഷുക്കൂർ എഴുതിയ ‘ഒരു ഭ്രാന്തന്റെ അരുളപ്പാടുകൾ’ എന്ന കവിത ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. രണ്ടാം സ്‌ഥാനം സോണി ഡിത്ത് എഴുതിയ ‘അവധൂതന്റെ പാട്ട്’ എന്ന കവിതയും, മൂന്നാം സ്‌ഥാനം ഫീസീയ ഹബീബ് എഴുതിയ ‘നപുംസകങ്ങൾ’ എന്ന കവിതയും കരസ്‌ഥമാക്കി.

സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രഫ: വിശ്വമംഗലം സുന്ദരേശൻ, എഴുത്തുകാരനായ തമ്പാനൂർ ചന്ദ്രശേഖരൻ, കവിയും അദ്ധ്യാപകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്. മത്സരത്തിന് ലഭിച്ച ചെറുകഥകളുടെയും കവിതകളുടെയും ഉന്നതനിലവാരം തങ്ങളെ അത്ഭുതപ്പെടുത്തിയതായും, മലയാള സാഹിത്യത്തിൽ തങ്ങളുടേതായ മുദ്രപതിപ്പിയ്ക്കാൻ കഴിവുള്ള പ്രതിഭകൾ പ്രവാസലോകത്ത് ഉണ്ടെന്ന് മനസിലാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒക്ടോബർ 21–നു വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ, ദമാം ക്രിസ്റ്റൽ ഹാളിൽ വച്ചു നടക്കുന്ന ‘സർഗ്ഗപ്രവാസം2016‘ന്റെ വേദിയിൽ വെച്ച്, മുൻകേരള റവന്യൂ വകുപ്പ് മന്ത്രിയും, സിപിഐ നേതാവുമായ കെ.ഇ. ഇസ്മായിൽ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം