‘എജ്യൂക്കേറ്റ് എ കിഡ്’ പതിനൊന്നാം വർഷത്തിലേക്ക്
Monday, October 17, 2016 3:38 AM IST
ലോസ് ആഞ്ചലസ് : കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ’ഓം’ –ന്റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ ‘എജ്യൂക്കേറ്റ് എ കിഡി’ന്റെ ധനസമാഹരണ വിരുന്നും, സേവനത്തിന്റെ പതിനൊന്നാം വാർഷികവും ആഘോഷിക്കുന്നു. നവംബർ അഞ്ചിനു ലോസ്ആഞ്ചലസിലെ ബ്യുണ പാർക്കിലുള്ള അമയ റസ്റ്റോറന്റിൽ വച്ചാണ് ആഘോഷങ്ങൾ. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു വരെ നടക്കുന്ന സംഗീത നൃത്ത പരിപാടികൾ മറ്റു സംസ്‌ഥാനക്കാർക്കും ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും.

കഴിഞ്ഞ പതിനൊന്നു വർഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രഫഷനൽ കോളേജ് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ‘എജ്യൂക്കേറ്റ് എ കിഡി’നു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിംഗ്, നഴ്സിംഗ് വിദ്യാർത്ഥികൾ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ എൺപതു വിദ്യാർത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്റ്റ് ഈവർഷം കൂടുതൽ പേരിലേക്കു സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും, പരിപാടിയിലേക്കുള്ള സംഭാവനകൾക്കു അമേരിക്കൻ സർക്കാരിന്റെ നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്റ്റ് ചെയർമാൻ സഞ്ജയ് ഇളയാട്ട് അറിയിച്ചു.

യുഎസ്ടി ഗ്ലോബൽ (ഗോൾഡ് സ്പോൺസർ), കെ.പി. ഹരി (സ്പെരിടിയൻ ടെക്നോളജി) എന്നിവരാണു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകർ. ധനസമാഹരണം വൻ വിജയമാക്കുന്നതിനും ഈ വർഷം കൂടുതൽ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംഘടകസമിതിക്കുവേണ്ടി രമ നായർ, വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി എന്നിവർ അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് മതിയായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7148059880 അല്ലെങ്കിൽ www.educateakid.org സന്ദർശിക്കുക.