‘പുരസ്കാരസന്ധ്യ 2016’ സംഘടിപ്പിച്ചു
Sunday, October 16, 2016 7:02 AM IST
കുവൈറ്റ്: കെ.ടി മുഹമ്മദ് പഠനവേദി കുവൈറ്റ് ‘പുരസ്കാരസന്ധ്യ 2016’ ഒക്ടോബർ 14 ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു.

കുവൈത്തിലെ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദിന്റെ നാടകങ്ങളെകുറിച്ചും അദ്ദേഹത്തിന്റെ നാടകങ്ങൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയും സംഭാവനകളെയും ചടങ്ങ് ഉദ്ഘാടനം ചെയ്ത സത്യൻ മൊകേരി അനുസ്മരിച്ചു. ഇന്നത്തെ കാലത്ത് ഇത്തരം നാടകങ്ങളുടെയും വ്യക്‌തിത്വങ്ങളുടെയും ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം കെ.ടി. മുഹമ്മദ് പഠനവേദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

ജനറൽ കൺവീനർ കെ. ഷൈജിത്ത് അധ്യക്ഷത വഹിച്ച് പഠനവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉപദേശകസമിതി അംഗം കെ. അബൂബക്കർ ഒക്ടോബർ അനുസ്മരണം നടത്തി.

ഈ വർഷത്തെ പുരസ്കാര ജേതാക്കളായ സിന്ധു രമേഷ്, സി. ഭാസ്കരൻ, ജോയ് മുണ്ടക്കാട്, ഷറഫുദ്ദീൻ കണ്ണേത്ത്, ചാക്കോ ജോർജ് കുട്ടി, ബക്കർ തിക്കോടി, മലയിൽ മൂസക്കോയ, ഡോ.ജോൺആർട്സ് കലാഭവൻ, സജീവ് കെ. പീറ്റർ, സുരേഷ് തോലമ്പ്ര, ദീപു മോഹൻദാസ്, റാഫി കോഴിക്കോട്, റാഫി കല്ലായ്, ഷൈജു പള്ളിപ്പുറം, ബിജു തിക്കോടി എന്നിവർക്ക് സത്യൻ മൊകേരി അവാർഡും കുവൈത്തിലെ പൗരപ്രമുഖർ പ്രശസ്തി പത്രവും സമ്മാനിച്ചു. ഉപദേശകസമിതി അംഗം ബാബുജി ബത്തേരി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രോഗ്രാം കൺവീനർ കെ.ഹസൻകോയ, ഉപദേശകസമിതി അംഗങ്ങളായ ലിസി കുര്യാക്കോസ്, വി.പി. മുകേഷ്, കെഎസ്എൻഎ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, പി.ഡി. രാഗേഷ് എന്നിവർ സംസാരിച്ചു.

മലയാള നാടകങ്ങളിലെ അനശ്വര ഗാനങ്ങൾ ചേർത്തുള്ള നാടകഗാനമേളയും സുനിൽ ചെറിയാനും സംഘവും അവതരിപ്പിച്ച ലഘുനാടകവും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ഹസീന അഷ്റഫ് അവതാരകയായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ