നവയുഗം ഗോവിന്ദ് പൻസാരെ സാമൂഹ്യ പ്രതിബദ്ധത പുരസ്കാരം ഡോ. സിദ്ദിഖ് അഹമ്മദിന്
Saturday, October 15, 2016 6:47 AM IST
ദമാം: നവയുഗം ഗോവിന്ദ് പൻസാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം ഡോ. സിദ്ദിഖ് അഹമ്മദിന് സമ്മാനിക്കു. ഒക്ടോബർ 21ന് (വെള്ളി) വൈകുന്നേരം നാലു മുതൽ, ദമാം ക്രിസ്റ്റൽ ഹാളിൽ നടക്കുന്ന സർഗപ്രവാസം 2016 ന്റെ വേദിയിൽ മുൻ കേരള റവന്യൂ മന്ത്രിയും സിപിഐ ദേശീയ നേതാവുമായ കെ.ഇ. ഇസ്മായിൽ പുരസ്കാരം സമ്മാനിക്കുമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

പ്രവാസ മണ്ണിൽ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം, ചുറ്റുമുള്ള അപരർക്കുവേണ്ടി കൂടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാൻ മടികാണിക്കാത്ത, സൗദിയിലെ പ്രവാസി സമൂഹത്തിന്റെ അത്താണിയായ ഡോ. സിദ്ദീഖ് അഹമ്മദിനെ, ഇന്ത്യൻ സമൂഹത്തോട് കാട്ടിയ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഇത്തവണത്തെ നവയുഗം ഗോവിന്ദ് പൻസാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിനായി തെരെഞ്ഞെടുത്തത്.

ജീവകാരുണ്യ രംഗത്തും കലാ കായിക, വിദ്യാഭ്യാസ രംഗത്തും എന്നും കർമനിരതനായ ഡോ. സിദ്ദിഖ് അഹമ്മദ്, തടവറയിലെ പ്രവാസിജീവിതങ്ങൾക്ക് പ്രതീക്ഷയുടെ ചിറകുകൾ നൽകിയ സ്വപ്ന സാഫല്യം പദ്ധതി, ചെന്നൈയിലെ പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിങ്ങനെ സ്വന്തം സാമൂഹ്യ പ്രതിബദ്ധതയും, മാനവികതയും വ്യക്‌തിത്വവും പ്രവാസിമനസുകളിൽ ആഴത്തിൽ പതിപ്പിച്ചുണ്ട്.

2009 മുതൽ, സമൂഹത്തിന്റെ വിവിധ മേഖലകളിലെ വ്യക്‌തിമുദ്ര പതിപ്പിച്ച പ്രമുഖർക്ക് നവയുഗം സാംസ്കാരികവേദി പ്രതിവർഷം നൽകിവരാറുള്ള അവാർഡിന്, ഇത്തവണ മുതൽ സിപിഐ നേതാവും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന ഗോവിന്ദ് പൻസാരെയുടെ പേര് നൽകുകയായിരുന്നു.

കേരളരാഷ്ര്‌ടീയത്തിലെ സമുന്നതനായ നേതാവ് വെളിയം ഭാർഗവൻ, പ്രവാസി ജീവകാരുണ്യ പ്രവർത്തകരായ ഷാജി മതിലകം, മുഹമ്മദ് നജാത്തി, പ്രമുഖ പ്രവാസി മാധ്യമപ്രവർത്തകരായ സാജിത് ആറാട്ടുപുഴ, പി.എം.ഹാരിസ്, വിദ്യാഭ്യാസപ്രവർത്തക ശ്രീദേവി മേനോൻ എന്നിവരാണ് മുൻവർഷങ്ങളിൽ പുസ്കാരത്തിനർഹരായവർ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം