മാധ്യമങ്ങളും ഹില്ലരിയും ഗൂഡാലോചന നടത്തുന്നു: ട്രംപ്
Saturday, October 15, 2016 6:46 AM IST
ഫ്ളോറിഡ: ദേശീയ മുഖ്യധാര മാധ്യമങ്ങളും ഹില്ലരിയും ചേർന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി ട്രംപ് ആരോപിച്ചു. അടുത്തദിവസങ്ങളിലായി ഉയർന്നുവന്ന ആരോപണങ്ങൾ തികച്ചും അടിസ്‌ഥാനരഹിതമാണെന്ന് തെളിയിക്കുന്നതിനുള്ള ആവശ്യമായ രേഖകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും താമസിയാതെ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.

ഹില്ലരി കള്ളം പറയുന്നതിൽ അതിസമർഥയാണ്. എട്ടു വർഷം ഡെമോക്രാറ്റിക് പാർട്ടി ഭരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഹില്ലരിക്ക് ചെയ്യാമായിരുന്നത് പ്രസിഡന്റായാൽ സാധിക്കുമെന്നു പറയുന്നത് വോട്ടർമാരെ വഞ്ചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇമെയിൽ വിവാദത്തിൽ ഹില്ലരി കുറ്റക്കാരിയാണ്. കുറ്റം ചെയ്തിട്ടു തെറ്റിപോയി എന്നു പറഞ്ഞാൽ ശിക്ഷയിൽനിന്നും ഒഴിവാക്കാൻ സാധ്യമല്ല. ഹില്ലരി പ്രസിഡന്റായാൽ ഭരണം നടത്തുന്നത് ബിൽ ക്ലിന്റനായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഹില്ലരിയുടെ മാനസിക – ശാരീരിക സ്‌ഥിതിയിൽ അമേരിക്കൻ പ്രസിഡന്റാകുന്നതിനുള്ള യോഗ്യതയില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹില്ലരി ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് വിശ്വാസിക്കുവാൻ സാധ്യമല്ലെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസും അഭിപ്രായപ്പെട്ടു. കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണിത്– പെൻസ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ