എമിരേറ്റ്സ് ഫോർട്ട് ലോഡർഡെയിലിൽ നിന്നും സർവീസ് തുടങ്ങുന്നു
Friday, October 14, 2016 3:44 AM IST
മയാമി: ബീച്ചുകളുടെ പറുദീസ എന്നു വിശേഷിക്കപ്പെടുന്ന സൗത്ത് ഫ്ളോറിറിഡയിലെ ഫോർട്ട് ലോഡർഡെയിൽ ഹോളിവുഡ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് ഡിസംബർ 15 മുതൽ ദിവസം തോറും എമിരേറ്റ്സ് ദുബായിലേക്ക് നേരിട്ട് സർവീസ് തുടങ്ങുന്നു.

അമേരിക്കയിൽ നിന്നുള്ള എമിരേറ്റ്സിന്റെ പതിനൊന്നാമത്തെ സർവീസോടെ മയാമി മുതൽ ഫോർട്ട്മയേർസ് നേപ്പിൾസ് വരെയുള്ള യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും.

എല്ലാ ദിവസവും പുലർച്ചെ മൂന്നിന് (ലോക്കൽ സമയം) ഇ.കെ 213 വിമാനം ദുബായിൽ നിന്നും പുറപ്പെട്ട് രാവിലെ 10.20 ന് (ലോക്കൽ സമയം) ഫോർട്ട് ലോഡർഡെയിലിൽ എത്തിച്ചേരും. തിരിച്ച് ദിവസവും ഇ.കെ. 214 വിമാനം രാത്രി 8.20 ന് (ലോക്കൽ സമയം) ഫോർട്ട് ലോഡർഡെയിലിൽ നിന്നും പുറപ്പെട്ട് രാത്രി 7.40 ന് (ലോക്കൽ സമയം) ദുബായിൽ എത്തിച്ചേരും.

ഇപ്പോൾ മയാമി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഖത്തർ എയർവേഴ്സ് ദോഹക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്.

എമിരേറ്റ്സിന്റെ ഈ പുതിയ സർവീസ് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.

റിപ്പോർട്ട്: ജോസ് കാടാപ്പുറം