കർമ ശാസ്ത്ര പഠനം വിശ്വാസികൾക്ക് അനിവാര്യം: വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ
Friday, October 14, 2016 1:19 AM IST
മനാമ: ഇസ്ലാമിക കർമ ശാസ്ത്ര പഠനത്തിന്റെ അഭാവം കാരണം വിശ്വാസികൾ പ്രതിദിനം അനുഷ്ഠിച്ചു വരുന്ന കർമങ്ങൾ നിഷ്ഫലമായി പോകുന്ന അവസ്‌ഥ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ഫിഖ്ഹ് (കർമ ശാസ്ത്രം) പഠനം വിശ്വാസികൾക്കെല്ലാവർക്കും അനിവാര്യമാണെന്നും പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ. സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കേന്ദ്ര കമ്മിറ്റി മനാമയിൽ സംഘടിപ്പിച്ച മുഹറം ദ്വിദിന പഠന ക്യാമ്പിൽ മയ്യിത്ത് പരിപാലനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്‌തിക്ക് മരണം ആസന്നമായതു മുതൽ ചെയ്തു കൊടുക്കേണ്ട കടമകൾ നിരവധിയുണ്ട്. ചെറിയ ഒരു ശ്രദ്ധവച്ചാൽ മനസിലാക്കാവുന്ന ഇത്തരം കാര്യങ്ങൾ ഇന്ന് പല വിശ്വാസികൾക്കും അജ്‌ഞാതമാണ്. ഒരു വീട്ടിൽ എപ്പോഴാണ് ഒരു മരണം സംഭവിക്കുക എന്ന് പറയാനാവില്ല. ആര് മരിച്ചാലും മരണ സമയത്തും ശേഷവും മയ്യിത്തിന് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങൾ യഥാവിധി മനസിലാക്കി ചെയ്തില്ലെങ്കിൽ ആ മരണ വിവരം അറിഞ്ഞവരെല്ലാം ആ കുറ്റത്തിൽ പങ്കാളികളാകും. കാരണം മയ്യിത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം ഫർള് കിഫായ(പൊതു ബാധ്യത)യാണ്. ആരെങ്കിലും ഒരാൾ കർമങ്ങൾ കൃത്യമായി ചെയ്താൽ എല്ലാവരും ബാധ്യതയിൽ നിന്ന് മുക്‌തരാകും. അതല്ലെങ്കിൽ ആ മരണ വിവരം അറിഞ്ഞവരെല്ലാം അതിൽ കുറ്റക്കാരാകുമെന്നും ഉസ്താദ് വിശദീകരിച്ചു. തുടർന്ന് കർമങ്ങളോരോന്നും ഉസ്താദ് വിശദീകരിച്ചു.

മയ്യിത്തിന് വേണ്ടിയുള്ള ജനാസ നമസ്കാരത്തിൻറെ ചുരുങ്ങിയ രീതി എല്ലാവരും മനസ്സിലാക്കണം. എനിക്ക് അത് പരിചയമില്ലെന്ന് പറഞ്ഞ് അത്തരം കർമങ്ങളിൽ നിന്ന് ഒഴിവാകുന്നവർ തന്റെ ശാരീരിക സുഖത്തിനാവശ്യമായ കാര്യങ്ങൾ പരിചയമില്ലെങ്കിൽ പോലും ചെയ്യാൻ തയാറാകുന്നില്ലേ എന്നും ഉസ്താദ് ചോദിച്ചു.

ഇന്നത്തെ മത പ്രഭാഷണങ്ങളിൽ പോലും ഫിഖ്ഹ് മസ്അലകൾ വിശദീകരിക്കുന്നത് വിരളമാണെന്നും മുൻഗാമികൾ ഫിഖ്ഹ് പഠിച്ചിരുന്നതും അവരുടെ കർമങ്ങൾ ശരിപ്പെടുത്തിയിരുന്നതും വഅളുകൾ കേട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ മത പ്രഭാഷകരെ കുറ്റപ്പെടുത്തുകയല്ലെന്നും കാലിക വിഷയങ്ങളിൽ സംസാരിക്കാനായി വിഷയം കൊടുക്കുന്ന മഹല്ല് കമ്മിറ്റികളാണിക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പഠന ക്യാമ്പിൽ കർമ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ചർച്ച ചെയ്തത്. തുടർന്ന് സംശയ നിവാരണ സെഷനും നടന്നു. സമസ്ത ബഹറിൻ കേന്ദ്ര ഏരിയ നേതാക്കളും പണ്ഡിതരും ചടങ്ങിൽ സംബന്ധിച്ചു.