കെഎച്ച്എൻഎ ഫിലഡൽഫിയയിൽ ശുഭാരംഭം നടത്തി
Wednesday, October 12, 2016 1:00 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2017 ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഫിലാഡൽഫിയ ശുഭാരംഭം വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് സെന്ററിൽ വച്ചു പ്രസിഡന്റ് സുരേന്ദ്രൻ നായർ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം മുരളീ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമുഖ പ്രസംഗം നടത്തി.

അമേരിക്കയിലെ എല്ലാ മലയാളി കൂട്ടായ്മകൾക്കും ശക്‌തമായ സാന്നിധ്യമുള്ള ഫിലാഡൽഫിയയിൽ, സംഗമത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി ട്രസ്റ്റി ബോർഡ് അംഗവും മുൻ സെക്രട്ടറിയുമായ സുധാ കർത്താ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ വ്യക്‌തമാക്കി. ഭാരതത്തിന്റെ ആദ്ധ്യാത്മിക അന്തസത്ത ഏകാത്മകതാ ദർശനമാണെന്നും ലോക സംസ്കാരങ്ങളുടെ വിഹാരരംഗമായ അമേരിക്കയിൽ അതിനേറെ പ്രസക്‌തിയുണ്ടെന്നും ഡയറക്ടർബോർഡ് അംഗം സനൽ ഗോപി തന്റെ ആശംസാ പ്രസംഗത്തിൽ അനുസ്മരിച്ചു.



സംഘടനയുടെ സീനിയർ അംഗവും, മുൻ ട്രഷററുമായിരുന്ന വിശ്വനാഥ പിള്ളയും, ലക്ഷ്മി പിള്ളയും ചേർന്നു നൽകിയ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് ശുഭാരംഭത്തിനു തുടക്കംകുറിച്ചു. പി.കെ. സോമരാജൻ, സുരേഷ് നായർ, രാജപ്പൻ നായർ, അനിൽകുമാർ കുറുപ്പ്, ഗിരീഷ് കർത്താ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റീജണൽ കോർഡിനേറ്റർ രഘുനാഥൻ നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം