ഹില്ലരിയെ ജയിലിടയ്ക്കും: ട്രംപ്
Tuesday, October 11, 2016 8:16 AM IST
സെന്റ് ലൂയിസ്: സ്‌ഥാനാർഥികളുടെ അഭിമുഖം പരസ്പരം വ്യക്‌തിഹത്യ നടത്തുന്ന തലത്തിലേക്ക് അധഃപതിച്ചതായി സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബർ ഒമ്പതിന് നടന്ന ഇമെയിൽ വിവാദത്തിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ ഹില്ലരിയെ ജയിലിലാക്കണമെന്ന ട്രംപിന്റെ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തി. 11 വർഷം മുൻപു നടന്ന ട്രംപിന്റെ സ്വകാര്യ സംഭാഷണത്തിൽ നിന്നും അടർത്തിയെടുത്ത വാചകങ്ങളും ഹില്ലരിയുടെ ഇ മെയിൽ വിവാദവും കത്തിപ്പടർന്ന അഭിമുഖം ആത്മാഭിമാനമുളളവർക്ക് കേട്ടിരിക്കുക എന്നത് അസഹനീയമായിരുന്നു.

ഹില്ലരിയുടെ കെടുകാര്യസ്‌ഥതയെക്കുറിച്ചും സത്യസന്ധത ഇല്ലായ്മയെ ക്കുറിച്ചും ട്രംപ് ആവർത്തിക്കുകയും സ്‌ഥിരം നുണയാണെന്ന് സമർഥിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സ്ത്രീകളെ അപമാനിക്കുകയും അഭയാർഥികൾക്കു പ്രവേശനം നിഷേധിക്കുകയും അമേരിക്കൻ ജനതയെ അപഹാസിക്കുകയും ചെയ്യുന്ന വ്യക്‌തിയാണ് ട്രംപ് എന്ന് സമർഥിക്കുവാൻ ഹില്ലരി ശ്രമിക്കുന്നത് കൗതുകത്തോടെയാണ് വോട്ടർമാർ വീക്ഷിച്ചത്.

ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്താൽ ആദ്യമായി ഹില്ലരിയുടെ ഇ മെയിൽ വിവാദത്തെക്കുറിച്ച് അന്വേഷിച്ചു നടപടികൾ സ്വീകരിക്കുവാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ പ്രോസിക്യൂട്ട് ചെയ്തു ജയിലിൽ അടയ്ക്കുമെന്നും ട്രംപ് വ്യക്‌തമാക്കിയത്. ട്രംപിന്റെ പരമാമർശം ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചതെങ്കിലും അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമാണിതെന്ന് സാംസ്കാരിക പ്രവർത്തകർ ചൂണ്ടികാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ