മൂന്ന് ഇടവകകൾ ഒന്നായി; വിശ്വാസികളുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു
Tuesday, October 11, 2016 8:14 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് സ്റ്റോൺ മൗണ്ടൻ, സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, വൈന്റർ, സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് തൃതിയൻ ചർച്ച്, ലോറൻസ് വിൽ എന്നീ ദേവാലയങ്ങൾ പരസ്പരം യോജിച്ച് ഒന്നായി പ്രവർത്തിക്കാനുളള ഇടവകാംഗങ്ങളുടേയും സഭാ നേതൃത്വത്തിന്റേയും ചിരകാലാഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സഭാ വിശ്വാസികളേവരും.

2016 സെപ്റ്റംബർ 18നു വിശുദ്ധ കുർബാനാനന്തരം ഇടവക മെത്രാപ്പൊലീത്താ യൽദൊ മോർ തീത്തോസിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്‌ത പളളി പൊതുയോഗ തീരുമാന പ്രകാരം, ലയന തീരുമാനം, അഭിവന്ദ്യ തിരുമനസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തു. ഈ ധന്യ മുഹൂർത്ത്വത്തിന് സാക്ഷ്യം വഹിക്കുവാൻ വികാരിമാരായ റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പാ, റവ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്ക്കോപ്പാ, ഫാ. മത്തായി വർക്കി പുതുക്കുന്നത്ത് എന്നിവർക്ക് പുറമെ ഇടവകകളിൽ നിന്നുമായി ഒട്ടനവധി വിശ്വാസികളും സന്നിഹിതരായിരുന്നു.

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് ഇന്നു മുതൽ ഈ മേഖലയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സംയുക്‌തമായി തുടക്കം കുറിക്കുന്ന ഈ പരിശുദ്ധ ദേവാലയം ഈ ഭദ്രാസനത്തിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലായി തന്നെ നിലനിൽക്കട്ടേയെന്നും അതിനായി സഭാ മക്കൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും തിരുമേനി ഓർമിപ്പിച്ചു. ഈ സുദിനം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ ആത്മാർഥമായി ശ്രമിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് ദൈവം പ്രതിഫലം നൽകട്ടേയെന്ന് പ്രാർഥിക്കുന്നതായും മെത്രാപ്പോലീത്ത സൂചിപ്പിച്ചു.

കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിലായി ഇവിടെ എത്തിച്ചേർന്ന യാക്കോബായ സഭാ വിശ്വാസികളായവർ തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിനും ആരാധന നടത്തുന്നതിനുമായി ഏറെ കഷ്‌ടതകളും ത്യാഗങ്ങളും ഏറ്റെടുത്ത് തുടക്കം കുറിച്ച ഈ ദേവാലയങ്ങൾ അതിന്റെ പരിപാവനതയ്ക്കും പരിശുദ്ധതയ്ക്കും യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ ഇടവക ജനങ്ങളുടെ ക്ഷേമത്തിനും ആത്മീയ ഉന്നമനത്തിനും ഇടവകയുടെ പുരോഗതിക്കുമായി ഒന്നിച്ച് പ്രവർത്തിക്കുവാൻ കാരണമായി തീരുമെന്ന് യോഗത്തിൽ സംസാരിച്ച അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഭരണ സമിതിയംഗങ്ങളായി ഫാ. മത്തായി വർക്കി പുതുക്കുന്നത്ത് (വികാരി, പ്രസിഡന്റ്) റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പാ (വൈസ് പ്രസിഡന്റ്) റവ. ജോസഫ് സി. ജോസഫ് കോർഎപ്പിസ്കോപ്പാ, ജോസ് കെ. മനോജ്(സെക്രട്ടറി), ബിന്നി തോമസ് (ട്രഷറർ), സിനു വർഗീസ്(ജോയിന്റ് സെക്രട്ടറി), ബിനു പോൾ (ജോയിന്റ് ട്രഷറർ), ബിനോയ് തോമസ്, ജോർജ് മാത്യു, വർഗീസ് ചാക്കോ, ഡോ. തോമസ് അലക്സാണ്ടർ, ജോയൽ ജോസഫ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

2017 ജനുവരിയോടെ സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓർത്തഡോക്സ് ചർച്ച് എന്ന പേരിൽ പുതിയതായി തുടക്കം കുറിക്കുന്ന ദേവാലയത്തിനനുയോജ്യമായ സ്‌ഥലം കണ്ടെത്തി ഒരുമിച്ച് വിശുദ്ധ ആരാധന നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന്, ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തി.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ