ഫോക്കിന്റെ ഓണം ഈദ് ആഘോഷം ഒക്ടോബർ 14ന്
Tuesday, October 11, 2016 5:39 AM IST
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനൊന്നാം വാർഷികവും ഓണം ഈദ് ആഘോഷവും ഒക്ടോബർ 14ന് (വെള്ളി) രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെ അബാസിയ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്കൂളിൽ ആഘോഷിക്കുന്നു.

ആഘോഷത്തോടനുബന്ധിച്ച് ഫോക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിവഭ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

വൈകുന്നേരം അഞ്ചിന് എംബസി അധികൃതരും കുവൈത്തിലെ സാംസ്കാരിക പ്രവർത്തരും പങ്കെടുക്കുന്ന സാസ്കാരിക സമ്മേളനവും അരങ്ങേറും. ചടങ്ങിൽ ഒമ്പതാം ഗോൾഡൻ ഫോക്ക് വിവരണവും 2015–16 അധ്യയന വർഷത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും നടക്കും.

പ്രശസ്ത സംഗീതജ്‌ഞൻ രാഘവൻ മാഷ് അനുസ്മരണ പ്രഭാഷണവും രാഘവൻ മാഷ്, എ.റ്റി. ഉമ്മർ, കണ്ണൂർ രാജൻ, അനശ്വരനായ മാപ്പിള പാട്ടുകാരൻ കണ്ണൂർ സലിം എന്നിവരുട ഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഗാനസന്ധ്യയും
ഈ വർഷത്തെ മികച്ച നാടകകഥാകൃത്തിനുള്ള അവാർഡിനർഹനായ ദിലീപ് നടേരിയുടെ തിരക്കഥയിൽ കടാംകോട്ട് മാക്കം എന്ന നാടകാവിഷ്കാരവും കേരളത്തിലെ വിവിധ കലാരൂപങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള കൾചറൽ ഫ്യൂഷനും അരങ്ങേറും.

വാർഷികാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം പിലാത്തറയിൽ പ്രവർത്തിക്കുന്ന ഹോപ്പ് ചാരിറ്റബിൾ റിഹാബിലിറ്റേഷൻ സെന്ററിൽ മൂന്നാം നിലയിൽ ഒരു റൂം നിർമിച്ചു കൊടുക്കുവാൻ ഫോക്ക് തീരുമാനിച്ചിട്ടുള്ളതെന്ന് പത്രസമ്മേളനത്തിൽ പ്രസിഡന്റ് ശൈമേഷ്, ജനറൽ സെക്രട്ടറി എം.എൻ. സലിം, അവാർഡ് കൺവീനർ അനൂപ് കുമാർ, പ്രോഗ്രാം കൺവീനർ ഷംജു എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ