‘മാനസികാരോഗ്യ രംഗത്ത് ശക്‌തമായ ബോധവത്കരണം വേണം’
Tuesday, October 11, 2016 5:36 AM IST
ദോഹ: നാം ജീവിക്കുന്ന ലോകത്ത് മാനസിക സമ്മർദ്ദങ്ങളും പ്രയാസങ്ങളും അനുദിനം ഏറി വരികയാണെന്നും സ്‌ഥിതിഗതികൾ വഷളാവാതിരിക്കുവാൻ മാനസികാരോഗ്യ രംഗത്ത് ശക്‌തമായ ബോധവത്കരണം വേണമെന്നും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. ബിന്ദു സലിം അഭിപ്രായപ്പെട്ടു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഫ്രന്റ്സ് കൾചറൽ സെന്ററും സംയുക്‌തമായി സംഘടിപ്പിച്ച സെമിനാറിൽ സൈക്കോളജിക്കൽ ആൻഡ് മെന്റൽ ഹെൽത്ത് ഫസ്റ്റ് എയിഡ് ഫോർ ആൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ശാരിരികമായ പ്രശ്നങ്ങൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതുപോലെ തന്നെ മാനസിക പ്രയാസങ്ങൾക്കും പ്രാഥമിക ശുശ്രൂഷകൾ നൽകാനായാൽ കുറേയേറെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. എന്നാൽ മാനസികമായ പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ച് സമൂഹത്തിൽ കാര്യമായ ബോധവത്കരണ പരിപാടികൾ നടക്കേണ്ടതുണ്ട്. എന്നാൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിനുള്ള സൗകര്യങ്ങളൊന്നും നമ്മുടെ സമൂഹത്തിലില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗവൺമെന്റ് തലത്തിലും സ്വകാര്യ തലത്തിലുമുളള സംവിധാനങ്ങൾക്കപ്പുറം സന്നദ്ധ സംഘങ്ങൾക്കും കൂട്ടായ്മകൾക്കുമൊക്കെ ഈ രംഗത്ത് ആശാവഹമായ സേവനം ചെയ്യുവാൻ കഴിയുമെന്ന് ഡോ. ബിന്ദു പറഞ്ഞു. ലോകത്തെമ്പാടും സംഘർഷങ്ങളും സമ്മർദ്ധങ്ങളും സമാധാനപരമായ സഹവർതിത്വത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുമ്പോൾ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാൻ സമൂഹം സജ്‌ജമാകണമെന്ന് അവർ കൂട്ടിച്ചേർത്തു.

മനസിന്റെ ശുദ്ധീകരണവും ശാക്‌തീകരണവും മാനവ സമൂഹത്തിന് പുരോഗമനപരമായ ഊർജം പകരുമെന്ന് ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി പറഞ്ഞു.