നവോദയ ഈദ്– ഓണം സംഗമം നടത്തി
Tuesday, October 11, 2016 5:34 AM IST
റിയാദ്: വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫറിന്റെ സഹകരണത്തോടെ റിയാദ് നവോദയ സംഘടിപ്പിച്ച ഏഴാമത് ഈദ് – ഓണം സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഉറിയടിയും തലയിണയടിയും അത്തപ്പൂക്കള മത്സരവും മാവേലി എഴുന്നള്ളത്തും മൈലാഞ്ചിയിടൽ മത്സരവും മറ്റു നടൻ മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി നടന്ന മത്സരത്തിൽ 15 ടീമുകളാണ് മാറ്റുരച്ചത്. മൈലാഞ്ചിയിടൽ മത്സരവും മഹാബലിയുടെ എഴുന്നള്ളത്തും നവോദയ കുടുംബവേദി അംഗങ്ങൾ ഒരുക്കിയ തിരുവാതിരയും കാണികളെ ആവേശഭരിതരാക്കി. വീറും വാശിയും നിറഞ്ഞുനിന്ന യുവാക്കളുടെ തലയിണയടി മത്സരത്തിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. ഗാനമേളയോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

സാംസ്കാരിക സമ്മേളനം നവോദയ രക്ഷാധികാരി എൻ.എ. വാഹിദ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. നവോദയ പ്രസിഡന്റ് അൻവാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീരാജ് ഹരിഗോവിന്ദൻ ഉണ്ണിക്ക് നവോദയ ന്യൂസനയ്യ യൂണിറ്റ് സെക്രട്ടറി ശ്രീരാജ് മെമൊന്റോ സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, ഒ.കെ. സുധാകരൻ, ജയചന്ദ്രൻ നെരുവമ്പ്രം, ഉദയഭാനു, കുമ്മിൾ സുധീർ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.