അനുമോദന സംഗമം നടത്തി
Sunday, October 9, 2016 6:55 AM IST
ജിദ്ദ: ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറത്തിന് കീഴിൽ ഈ വർഷത്തെ ഹജ്‌ജ് സേവനത്തിനായി മിനായിൽ എത്തിയ വോളന്റിയർമാർക്കു വേണ്ടി വിപുലമായ അനുമോദന സംഗമം നടത്തി.

ജിദ്ദയിലെ ഇരുപതിലധികം സംഘടനകളുടെ കൂട്ടായ്മയാണ് ഹജ്‌ജ് വെൽഫെയർ ഫോറം. ജിദ്ദയിലെ സുമനസുകളുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെയാണ് സേവന പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നത്.

ഹജ്‌ജിനായി ബിസിനസ് വീസയിൽ ഹാജിമാരെ കൊണ്ട് വന്നു കബളിപ്പിച്ച ട്രാവൽ ഏജന്റുമാരുടെ പ്രവർത്തനങ്ങളെ യോഗം ചർച്ച ചെയ്തു. ഇന്ത്യക്കാർക്ക് ദുഷ്പേര് വരുത്തുന്ന ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും യോഗം വിലയിരുത്തി. പങ്കെടുത്ത എല്ലാ വോളന്റിയർമാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച അഹമ്മദ് സൂഫിയാൻ, സാലിഹ് മുഹമ്മദ് എന്നിവർക്ക് മൊമെന്റോ നൽകി അനുമോദിച്ചു.

സംഗമം സാജിദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. ഡോ. ആലുങ്ങൽ മുഹമ്മദ് മുഖ്യാഥിതിയായിരുന്നു. ജനറൽ സെക്രട്ടറി അൻഷാദ് മാസ്റ്ററും ട്രഷറർ അബ്ദുൽ റഹിമാൻ വണ്ടൂരും റിപോർട്ടുകൾ അവതരിപ്പിച്ചു. ഷാനിയാസ് കുന്നിക്കോട്, മൊയ്ദീൻ കാളികാവ്, പി.കെ അബ്ദുൽ റൗഫ്, കെ.ടി.എം മുനീർ, പി.എം.എ ജലീൽ, അൻവർ വടക്കേങ്ങര, ഗഫൂർ പാണമ്പ്ര, ഇസ്മായിൽ കല്ലായി,വിജാസ് ഫൈസി എന്നിവർ സംസാരിച്ചു. വോളന്റിയർ ക്യാപ്റ്റൻ അബ്ദുൽ ഹമീദ് പന്തല്ലൂർ, റഷീദ് ഒഴുർ, നാസർ ചാവക്കാട്, കെ.ടി. മുസ്തഫ പെരുവള്ളൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.