ലോസ് ആഞ്ചലസ് വെടിവയ്പ്: വനിത പോലീസ് അടക്കം രണ്ടു മരണം
Sunday, October 9, 2016 4:44 AM IST
ലോസ്ആഞ്ചലസ്: അമേരിക്കയിൽ മുപ്പതുകാരനായ ഒരു തോക്കുധാരി വെടിയുതിർത്തതിനെത്തുടർന്ന് ഒരു വനിത പോലീസ് ഓഫീസറടക്കം അടക്കം രണ്ട് പോലീസുകാർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തായി പാംസ് സ്പ്രിംഗ് പോലീസ് ചീഫ് ബ്രയാൻ റെയാസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബകലഹം നടക്കുന്നുവെന്ന സന്ദേശത്തെതുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് പ്രതിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീടിനകത്തുനിന്നും വെടിയുതിർക്കുകയായിരുന്നു. 2700 സൈപ്രസ് സ്ളോക്കിലെ വീട്ടിലായിരുന്ന പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല.

വെടിയേറ്റവരിൽ ഒബെ ഗിർബർട്ട് 35 വർഷമായി ഡിപ്പാർട്ടുമെന്റിൽ സേവനം ചെയ്തുവരികയായിരുന്നു. ഡിസംബറിൽ റിട്ടയർ ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തെ മരണം കവർന്നത്. രണ്ടാമത്തെ ആൾ ലെബ്ലി സെർബിനി എന്ന വനിത ഓഫീസറാണ്. ഇവർ ഒന്നരവർഷമായി സേവനം ചെയ്തുവരികയായിരുന്നു. ഇവർക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

പ്രതിക്കുവേണ്ടി കൂടുതൽ പോലീസ് എത്തി വീടു വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ