കാനഡ ക്നാനായ കാത്തലിക് മിഷൻ തിരുനാൾ ഭക്‌തിസാന്ദ്രമായി
Sunday, October 9, 2016 4:41 AM IST
ടൊറേന്റോ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ ടൊറേന്റോയുടെ സ്വർഗീയ മധ്യസ്‌ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ (മുത്തിയമ്മ) തിരുനാൾ ഒക്ടോബർ രണ്ടിന് ആഘോഷിച്ചു.

സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരുനാൾ തിരുക്കർമങ്ങൾക്ക് എറ്റോബികോക്കിലുള്ള ട്രാൻസിഫിഗുരേഷൻ ഓഫ് ഔർ ലോർഡ് പള്ളി വികാരി ഫാ. ജോർജ് പാറയിൽ മുഖ്യകാർമികത്വം വഹിച്ചു. വുഡ്ബ്രിഡ്ജ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി സഹ വികാരി ഫാ. മാർട്ടിൻ ചെറുമഠത്തിൽ തിരുനാൾ സന്ദേശം നൽകി. തുടർന്നു ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു നടന്ന ഭക്‌തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കാനഡ സീറോ മലബാർ എക്സാർക്കേറ്റ് അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ വിശുദ്ധ കുർബാനയുടെ ആശിർവാദവും എക്സാർക്കേറ്റിൽ പ്രഖ്യാപിച്ച യുവജന വർഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.

തുടർന്നു നടന്ന ജനകീയ ലേലത്തിൽ ഒരു വിശ്വാസി സമർപ്പിച്ച കൊന്തമാല കിഴക്കേപ്പുറത്ത് ബിജു ആൻഡ് ഫാമിലി സ്വന്തമാക്കി. സ്നേഹവിരുന്നോടെ തിരുനാളിന്റെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം