അമ്മൂസ് ഇൻ വണ്ടർലാൻഡ് മികച്ച ചിത്രം
Saturday, October 8, 2016 6:42 AM IST
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി അമ്മൂസ് ഇൻ വണ്ടർലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം, ഫോർബിഡൻ എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം പങ്കിട്ടു.

അമ്മൂസ് ഇൻ വണ്ടർലാൻഡ് സംവിധാനം ചെയ്ത സനൽ തൊണ്ടിലാണ് മികച്ച സംവിധായകൻ. ഭരതന്റെ സംശയങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശൻ തച്ചങ്ങാടിനെ മികച്ച നടനായും വേക്കിംഗ് അപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീലക്ഷ്മി റംഷിയെ മികച്ച നടിയായും അമ്മൂസ് ഇൻ വണ്ടർ ലാൻഡിലെ അഭിനയത്തിന് അഞ്ജന സുബ്രഹ്മണ്യനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. മികച്ച പശ്ചാത്തല സംഗീതം റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് ബബിലേഷ് (ഫോർബിഡൻ), ഛായാഗ്രഹണം മാർവിൻ ജോർജ് (ഹംഗർ), തിരക്കഥ യാസിൻ (ഗേജ്) എന്നിവയ്ക്കാണ് മറ്റ് അവാർഡുകൾ.

കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മനോജ് കൃഷ്ണന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സിനിമാ സംവിധായകനും ഹ്രസ്വചലച്ചിത്രോത്സവത്തിന്റെ വിധികർത്താവുമായ സുദേവൻ അവാർഡുകൾ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട്, ലൈബ്രറിയൻ കെ.ടി.ഒ. റഹ്മാൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള