ഡാളസിലെ ഗാന്ധിജയന്തി ആഘോഷങ്ങൾ അവിസ്മരണീയമായി
Thursday, October 6, 2016 6:53 AM IST
ഇർവിംഗ് (ഡാളസ്): ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 147–ാമത് ജന്മദിനം വൈവിധ്യമാർന്ന പരിപാടികളോടെ ഡാളസിൽ ആഘോഷിച്ചു.

ഒക്ടോബർ രണ്ടിന് രാവിലെ സ്ത്രീകളും കുട്ടികളുമടക്കം തൂവെള്ള വസ്ത്രധാരികളായി ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മഹാത്മാ ഗാന്ധിയുടെ പിൻതലമുറക്കാരിയായ അർച്ചന പ്രസാദ്, ഭർത്താവ് ഹരിപ്രസാദ് തുടങ്ങിയവർ പീസ് വോക്കിൽ അണിനിരന്നതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ ആവേശഭരിതരായി.

ഇർവിംഗ് മഹാത്മാഗാന്ധി പാർക്കിൽ നടന്ന ഗാന്ധിജയന്തി സമ്മേളനത്തിൽ എംജിഎംഎൻടി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കൂറ അധ്യക്ഷത വഹിച്ചു. മഹാത്മജിയുടെ ജീവിതത്തിലൂടെ തെളിയിച്ച ആദർശ ധീരതയും ആത്മധൈര്യവും ലോക സമാധാനം സ്‌ഥാപിക്കുന്നതിൽ സ്വീകരിച്ച ഉദാത്ത സമീപനവും ഈ നൂറ്റാണ്ടിലും പ്രസക്‌തമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അർച്ചന പ്രസാദ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്കിനെക്കുറിച്ചും സെക്രട്ടറി റാവു കൽവാല സംസാരിച്ചു.

മഹാത്മജിക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഒക്ടോബർ രണ്ടിന് ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ദിനമായി യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിച്ചതെന്ന് ഡോ. തോട്ടക്കുടി അനുസ്മരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും എൻജിഎംഎൻടിയും സംയുക്‌തമായി സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ ശബ്നം മോഡ്ഗിൽ, ഇന്ദു, പിയൂഷ്, സൽമാൻ, ജോൺ, പിയൂഷ് പട്ടേൽ എന്നിവരും പ്രസംഗിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ