മാക് കുവൈത്ത്, അൽഫോസ് റൗദ ടീമുകൾക്ക് ജയം
Thursday, October 6, 2016 6:50 AM IST
കുവൈത്ത്: കെഫാക് സോക്കർ ലീഗിനെ ഗ്രൂപ്പ്തല മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് എ യിലെ മത്സങ്ങളിൽ മാക് കുവൈത്ത് അൽഫോസ് റൗദ ടീമുകൾക്ക് വിജയം.

സിൽവർ സ്റ്റാർ എഫ്സിയും കേരള ചലഞ്ചേഴ്സും അൽശബാബും കുവൈത്ത് കേരള സ്റ്റാറും നടന്ന മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ ശക്‌തരായ കേരള ചലഞ്ചേഴ്സിനെ സിൽവർ സ്റ്റാർ എഫ്സി ഗോൾരഹിത സമനിലയിൽ തളച്ചു. ഇരു ടീമുകൾക്കും മികച്ച ഗോൾ അവസരങ്ങൾ കിട്ടിയിട്ടും അതൊന്നും ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല. സിൽവർ സ്റ്റാർ എഫ്സിയുടെ അഭിനന്ദാണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ ബെൻ ക്രിസ്റ്റൻ നേടിയ ഹാട്രിക്കിന്റെ മികവിൽ മാക് കുവൈത്ത് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരളയെ പരാജയപ്പെടുത്തി. മാക് കുവൈത്ത് മത്സരത്തിന്റെ സമസ്ത മേഖലയിലും മികച്ച പ്രകടനം നടത്തി. ഹാട്രിക് നേടിയ ബെൻ ക്രിസ്റ്റൻ ആണ് മാൻ ഓഫ് ദ മാച്ച്.

മൂന്നാം മത്സരത്തിൽ റഷീദിന്റെ ഗോളിലൂടെ അൽഫോസ് റൗദ ചാമ്പ്യൻസ് എഫ്സിയെ പരാജയപ്പെടുത്തി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അൽഫോസ് റൗദയുടെ സേവ്യർ പെരേരയാണ് മാൻ ഓഫ് ദ മാച്ച്.

നാലാം മത്സരത്തിൽ അൽ ശബാബും കുവൈത്ത് കേരള സ്റ്റാറും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിലെ താരമായി അൽ ശബാബ് എഫ്സിയുടെ ഉമ്മർ മേനാട്ടിലിനെ തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി യിലെ മത്സരങ്ങളിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ബ്ലാസ്റ്റേഴ്സ് കുവൈത്തിനേയും സിയസ്കോ ബിഗ് ബോയ്സിനേയും സ്പാർക്സ് എഫ്സി ഫഹാഹീൽ ബ്രദേഴ്സിനെയും മലപ്പുറം ബ്രദേഴ്സ് സിഎഫ്സി സാൽമിയയെയും നേരിടും.

റിപ്പോർട്ട്: സലിം കോട്ടയിൽ