കല കുവൈറ്റ് ‘മഴവില്ല് 2016’ നവംബർ 11 ന്
Thursday, October 6, 2016 6:50 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല് 2016’ ചിത്രരചന മത്സരം നവംബർ 11ന് നടക്കും.

ഖൈത്താൻ കാർമൽ സ്കൂളിൽ ഉച്ചകഴിഞ്ഞ് ഒന്നിനാണ് മത്സരങ്ങൾ. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും പ്രശസ്ത ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ മെഡൽ സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും മറ്റു വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.

കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി കിന്റർ ഗാർഡൻ (കെജി ക്ലാസുകൾ), 1–4 (സബ് ജൂണിയർ), 5–8 (ജൂണിയർ), 9–12 (സീനിയർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രേഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകൾ മുഖേനയും നടന്നു വരികയാണ്.

കുവൈത്തിലെ ചിത്രകാരന്മാരെയും മത്സരം വീക്ഷിക്കാനെത്തുന്ന രക്ഷകർത്താക്കളേയും ഉൾപ്പെടുത്തി ഒരു ഓപ്പൺ ക്യാൻവാസും മഴവില്ല് 2016 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

മത്സരത്തിന്റ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണം അബാസിയ കല സെന്ററിൽ നടന്നു. ജോയ് മുണ്ടക്കാട്ട് ചെയർമാനായും രഹിൽ കെ. മോഹൻദാസ് ജനറൽ കൺവീനറുമായുള്ള വിപുലമായ കമ്മിറ്റിയിൽ കൺവീനർമാരായി ദിലീപ് നടേരി, തോമസ് വർഗീസ് എന്നിവരേയും വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാരായി ജിതിൻ പ്രകാശ് (രജിസ്ട്രേഷൻ), ആസഫ് അലി (പ്രചാരണം), യു.പി. വിജീഷ് (വോളന്റിയർ) എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: 97262978, 97683397, 66407670, 66174811.

റിപ്പോർട്ട്: സലിം കോട്ടയിൽ