മിസിസൗഗ എക്സാർക്കേറ്റ് രണ്ടാം വർഷത്തിലേക്ക്; യുവജന വർഷമായി ആചരിക്കും
Wednesday, October 5, 2016 8:11 AM IST
മിസിസൗഗ: ‘ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാർ സഭയുടെ മിസിസൗഗ എക്സാർക്കേറ്റിലെ യുവജനങ്ങൾ സമൂഹമധ്യത്തിലേക്ക്.

അജപാലനവഴിയിൽ കാനഡയിലെ വിശ്വാസികൾക്കു വെളിച്ചമേകുന്ന എക്സാർക്കേറ്റ് രൂപീകരണത്തിന്റേയും രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകത്തിന്റേയും ഒന്നാം വാർഷികാഘോഷ വേളയിലാണ് മാർപാപ്പയുടെ കാനഡയിലെ പ്രതിനിധി ഡോ. ലൂയിജി ബൊനാസി യുവജനവർഷം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഒക്ടോബർ മുതൽ 2017 ഡിസംബർ വരെയാണ് യുവജനവർഷമായി ആഘോഷിക്കുക.

യുവജനശാക്‌തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്‌തീകരണമാണ് മുഖ്യ അജൻഡ. ഡോ. ലൂയിജി ബൊനാസി ആശീർവദിച്ചു കൈമാറിയ തിരുക്കുരിശുമായി യുവജന പ്രതിനിധികൾ ഇടവകകളിൽ തീർഥയാത്ര നടത്തി പ്രേഷിതദൗത്യത്തിനു ചൈതന്യം പകരും.

യുവജന കൺവൻഷൻ, കൃതജ്‌ഞതാബലി, പൊതുസമ്മേളനം എന്നിവയോടുകൂടിയാണ് കനേഡിയൻ കോപ്റ്റിക് സെന്ററിൽ എക്സാർക്കേറ്റ് ദിനം ആഘോഷിച്ചത്. കാനഡയിലെ എട്ടു പ്രോവിൻസുകളിൽനിന്നുമുള്ള ഇടവക യുവജന പ്രാതിനിധ്യവും പ്രത്യേകതയായി. യൂത്ത് കൺവൻഷനിൽ ഷിക്കാഗോ രൂപത യൂത്ത് ഡയറക്ടർ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, എബിൻ കുര്യാക്കോസ് എന്നിവർ സെമിനാർ നയിച്ചു.

മാർ ജോസ് കല്ലുവേലിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്‌ഞതാബലിയിൽ ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകി. എക്സാർക്കേറ്റിൽ സേവനം ചെയ്യുന്ന 12 വൈദികർ സഹകാർമികരായി.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ അപ്പസ്തോലിക് നൂൺഷ്യോ ഡോ. ലൂയിജി ബൊനാസി യുവജന വർഷാചരണ പ്രഖ്യാപനം നടത്തി. മാർ ജോസ് കല്ലുവേലിലിന്റെ അധ്യക്ഷത വഹിച്ചു. കുരിശുമായി ലോകം ചുറ്റുകയെന്ന ആഹ്വാനവുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവാക്കളിൽ പകർന്ന ആവേശമാണ് 2017 ഡിസംബർ വരെ നീളുന്ന യുജനവർഷാചരണത്തിനു പ്രേരകമായതെന്നു മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണിതെന്നും സാമൂഹിക സംഘർഷങ്ങളെ മറികടക്കാൻ അവർക്കു കരുത്തേകുകയാണ് യജ്‌ഞത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എക്സാർക്കേറ്റിലെ യുവജനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഓരോ ഇടവകയിലും യുവജന സർവേ നടത്തും. സ്വന്തമായി ദേവാലയം പോലുമില്ലാതെ ഒരുവർഷം മുമ്പ് രൂപീകൃതമായ എക്സാർക്കേറ്റിനു ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ അനുസ്മരണവും നന്ദി പ്രകാശനവുമായി വാർഷികാഘോഷം മാറി.

മുപ്പത്തയ്യായിരത്തിലേറെ വിശ്വാസികളുള്ള എക്സാർക്കേറ്റിനു സ്വന്തമായി രണ്ടു ദേവാലയങ്ങളും 10 ഇടവകസമൂഹങ്ങളും 25 മിഷൻ സമൂഹങ്ങളും 22 വൈദികരും ഒരു കർമലീത്താ സന്യാസിനീ ഭവനവും ഒരു ഡീക്കനും ബിഷപ്സ് ഹൗസും വൈദിക ഭവനവും ദൈവത്തിന്റെ അനുഗ്രഹത്താൽ ലഭ്യമായതായി എക്സാർക്കേറ്റ് ചാൻസലർ ഫാ. ജോൺ മൈലംവേലിൽ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. പാസ്റ്ററൽ കൗൺസിലിനു പുറമെ മതബോധനം, ബൈബിൾ കുടുംബ യുവജന പ്രേഷിതത്വം, കരിസ്മാറ്റിക് നവീകരണം, സാമൂഹികക്ഷേമം എന്നിങ്ങനെ പതിനേഴ് പ്രേഷിത മേഖലകൾ രൂപീകരിക്കാനായതും വിശ്വാസികൾക്ക് ആവേശം പകർന്നു.

ചടങ്ങിൽ എക്സാർക്കേറ്റിന്റെ പ്രവർത്തനങ്ങളും വാർത്തകളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീഡിയ സെന്ററിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. പ്രവിശ്യാ പാർലമെന്റ് അംഗങ്ങളായ ഹരീന്ദർ തക്കർ എംപിപി സ്മരണികയുടെയും ബോബ് ഡെലനെ എംപിപി രൂപത ഡയറക്ടറിയുടേയും പ്രകാശനം നിർവഹിച്ചു. കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ജോൺ തോമസ് യോഹന്നാൻ, പാസ്റ്ററൽ കൗൺസിൽ അംഗം തോമസ് കണ്ണമ്പുഴ, വികാരി ജനറാൾ ഫാ. ജോൺ കുടിയിരുപ്പിൽ, ജനറൽ കൺവീനർ സാബു ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ– ഓർഡിനേറ്റർ ഫാ. തോമസ് വാലുമ്മൽ പരിപാടികൾക്കു നേതൃത്വം നൽകി.